പെരുന്നാൾ സമയത്ത്‌ സൽക്കാരത്തിലും പങ്കെടുത്ത നിരവധിയാളുകൾ രോഗികളായി

ഓണക്കാലത്ത്‌ കോവിഡ്‌ വ്യാപിക്കുന്നത്‌ തടയാൻ കരുതലോടെ ആരോഗ്യ വകുപ്പ്‌. തദ്ദേശഭരണ വകുപ്പുമായി ചേർന്ന്‌ വാർഡ്‌തല നിരീക്ഷണം ശക്തമാക്കും. ചന്തകളിലും കടകളിലും വീടുകൾക്കുള്ളിലും കോവിഡ്‌ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നെന്ന്‌ ഉറപ്പാക്കും.

ഓണക്കോടിയും മറ്റ്‌ അവശ്യസാധനങ്ങളും വാങ്ങാനായി കടകളിൽ ഇപ്പോഴേ ജനത്തിരക്കുണ്ട്‌. തിരുവോണത്തോട്‌ അടുക്കുംതോറും ഇത്‌ വർധിക്കും. കടകളിൽ കൂടുതൽ സമയം അനുവദിക്കുന്നതും ടോക്കൺ സംവിധാനവും പരിഗണിക്കും. ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കും. കടകളിൽ ബ്രേക്ക്‌ ദ ചെയിൻ, സാമൂഹ്യ അകലം പാലിക്കൽ എന്നിവ കർശനമായി പാലിക്കണം. ഉത്രാടദിനത്തിലെ തിരക്ക്‌ നിയന്ത്രിക്കാൻ ആവശ്യമെങ്കിൽ പൊലീസ്‌ സഹായം തേടും.

ഓണത്തിന്‌ മുന്നോടിയായി സംസ്ഥാനത്തിന്‌ വെളിയിൽനിന്ന്‌ എത്തിച്ചേരുന്നവർ‌ 14 ദിവസം പരിപൂർണ സമ്പർക്കവിലക്കിൽ കഴിയുന്നെന്ന്‌ വാർഡ്‌തല സമിതികൾ ഉറപ്പാക്കണം. അടിയന്തര ആരോഗ്യ ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്‌.  ഇവർ വീടുകളിലെ വയോജനങ്ങൾ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ, കുട്ടികൾ എന്നിവരുമായി ഇടപഴകുന്നില്ലെന്നും ഉറപ്പാക്കണം. ഇവരിലേക്ക്‌ രോഗം പടർന്നാൽ ഗുരുതരസ്ഥിതിയുണ്ടാകും. ആശാവർക്കർമാർ, അങ്കണവാടി വർക്കർമാർ എന്നിവരുടെ നേതൃത്വത്തിൽ ഇതിനെക്കുറിച്ച്‌ കുടുംബാംഗങ്ങളെ ബോധവൽക്കരിക്കണം.

ഓണത്തിരക്കിൽ കോവിഡ്‌ വ്യാപനമുണ്ടായാലിത്‌‌‌ സെപ്‌തംബർ ആദ്യദിനങ്ങളിലെ രോഗനിരക്കിലൂടെ‌ വ്യക്തമാകും. സെപ്‌തംബർ ആദ്യം പ്രതിദിന രോഗികളുടെ എണ്ണം 4500 കടക്കുമെന്ന്‌ ദുരന്തനിവാരണ അതോറിറ്റി അഭിപ്രായപ്പെട്ടിരുന്നു. കാൺപുർ ഐഐടിയുടെ പഠനത്തിൽ സെപ്‌തംബറിൽ 20,000 വരെ പ്രതിദിന രോഗികൾ ഉണ്ടാകാമെന്നും പറയുന്നു.

പെരുന്നാൾ സമയത്ത്‌ സൽക്കാരത്തിലും പങ്കെടുത്ത നിരവധിയാളുകൾ രോഗികളായി‌. സമാന അനുഭവം മുന്നിൽക്കണ്ട്‌ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ആവശ്യമായ പ്രഥമതല ചികിത്സാകേന്ദ്രങ്ങൾ സജ്ജമാക്കും. ജില്ലകളിൽ ചെറുപ്രശ്‌നങ്ങളുള്ള കോവിഡ്‌ ബാധിതർക്കായി ദ്വിതീയ ചികിത്സാ കേന്ദ്രങ്ങളുടെ സജ്ജീകരണം ത്വരിതഗതിയിൽ പൂർത്തിയാക്കാൻ ആരോഗ്യ വകുപ്പ്‌‌ നിർദേശിച്ചിട്ടുണ്ട്‌.

 

26-Aug-2020