ആദ്യം കണ്ടത്‌ മന്ത്രിയുടെ സ്റ്റാഫ്‌

സെക്രട്ടറിയറ്റ്‌ പൊതുഭരണ വകുപ്പ്‌ പൊളിറ്റിക്കൽ വിഭാഗത്തിലെ തീപിടിത്തത്തിൽ  പ്രധാനപ്പെട്ട ഒരു ഫയലും നശിച്ചിട്ടില്ല. സാങ്കേതിക കാരണങ്ങളും ഫയലുകളുടെ വിവരവും അന്വേഷിക്കുന്ന ഡിസാസ്‌റ്റർ മാനേജ്‌മെന്റ്‌ കമീഷണർ ഡോ. കൗശികിന്റെ നേതൃത്വത്തിൽ നടത്തിയ ആദ്യഘട്ട പരിശോധനയിലാണ്‌‌ കണ്ടെത്തൽ. പ്രധാന ഫയലുകളൊന്നും കത്തിയിട്ടില്ലെന്ന്‌ പൊലീസ്‌ രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആറിലുമുണ്ട്‌. കത്തിയതിൽതന്നെ ഒരു ഫയൽപോലും പൂർണമായി നശിച്ചിട്ടില്ല.  അതിഥി മന്ദിരം അനുവദിച്ചതിന്റെ രേഖകളും 2006ൽ മന്ത്രിമാർക്ക്‌ വകുപ്പ്‌ അനുവദിച്ചതിന്റെ ഗസറ്റ്‌ വിജ്ഞാപനത്തിന്റെ കോപ്പികളുമാണ്‌ ഭാഗികമായി കത്തിയത്‌. ഇതിൽ പലതും നേരത്തെ നശിപ്പിക്കാനായി അനുമതി ലഭിച്ചതുമാണ്‌. അതിനാൽ‌ ഇവ റോസ്‌ ടാഗുള്ള ഫയലിൽ ആണ്‌ സൂക്ഷിച്ചത്‌. 

തീപിടിത്തത്തിന്‌ കാരണം ഫാനിൽനിന്നുണ്ടായ ഷോർട്ട്‌‌ ‌സർക്യൂട്ടാണെന്ന നിഗമനത്തിലാണ്‌ എഡിജിപി മനോജ്‌ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എൻജിനിയറും ഈ നിഗമനത്തിലാണ്‌. ചീഫ് എൻജിനിയർ ഹൈജീൻ ആൽബർട്ട്‌ പ്രാഥമിക റിപ്പോർട്ട്  മന്ത്രി ജി സുധാകരന്‌ കൈമാറി. ഇത്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ കൈമാറി.  അതിനിടെ, തീപിടിത്തത്തിന്റെ പശ്‌ചാത്തലത്തിൽ സെക്രട്ടറിയറ്റിൽ സുരക്ഷ ശക്തിപ്പെടുത്താൻ ആഭ്യന്തര അഡീഷണൽ ചീഫ്‌ സെക്രട്ടറിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.

ബുധനാഴ്‌ച രാവിലെ ഒമ്പതോടെ എഡിജിപി മനോജ്‌ എബ്രഹാമിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം സെക്രട്ടറിയറ്റിൽ എത്തി പരിശോധന നടത്തി‌. തീപിടിത്തം ആദ്യം കണ്ട ആളുടെയും ആദ്യം എത്തിയ ഫയർഫോഴ്‌സ്‌ ഉദ്യോഗസ്ഥരുടെയും  മൊഴിയുമെടുത്തു. ഫോറൻസിക്‌, ഫയർഫോഴ്‌സ്‌, ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌‌ഷൻ  ഉദ്യോഗസ്ഥർ സംയുക്ത പരിശോധനയും നടത്തി.

ചാരത്തിന്റെയും കത്തിയ കർട്ടന്റെയും ഫയലുകളുടെയും സാമ്പിൾ ഫോറൻസിക്‌ വിഭാഗം ശേഖരിച്ചിട്ടുണ്ട്‌. ഇവയുടെ പരിശോധനാ റിപ്പോർട്ട്‌ ലഭിച്ച ശേഷമേ അന്വേഷണ സംഘം റിപ്പോർട്ട്‌ സമർപ്പിക്കൂ. സാമ്പിൾ ശേഖരിച്ചശേഷം ഫയലിന്റെ ബാക്കി ഭാഗങ്ങൾ ഡോ. കൗശികിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്‌ കൈമാറി.

അതിനിടെ, സർക്കാരിനെതിരെ കള്ളക്കഥ മെനഞ്ഞ്‌ ബുധനാഴ്ചയും യുഡിഎഫും ബിജെപിയും സെക്രട്ടറിയറ്റിന്‌ മുമ്പിൽ അക്രമ സമരം നടത്തി. പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. ലാത്തി വീശിയും ജലപീരങ്കി ഉപയോഗിച്ചുമാണ് അക്രമികളെ പിരിച്ചു വിട്ടത്‌. ചൊവ്വാഴ്‌ചയാണ്‌ ഷോർട്ട്‌‌ സർക്യൂട്ട്‌ വഴി നോർത്ത്‌ സാൻഡ്‌വിച്ച്‌ ബ്ലോക്ക്‌  പൊളിറ്റിക്കൽ വിഭാഗത്തിലെ പൊൽ നാല്‌, പൊൽ അഞ്ച്‌ സെക്‌ഷനിലെ രണ്ട്‌ അലമാരയുടെയും ഒരു റാക്കിന്റെയും ചെറിയ ഭാഗത്ത്‌ തീപിടിച്ചത്‌.

തീപിടിത്തം ആദ്യം കണ്ടത്‌ മന്ത്രിയുടെ സ്റ്റാഫ്‌
സെക്രട്ടറിയറ്റിൽ തീ പടരുന്നത്‌ ആദ്യം കണ്ടത്‌ മന്ത്രി കെ കൃഷ്‌ണൻകുട്ടിയുടെ ഓഫീസ്‌ അസിസ്റ്റന്റ്‌ മാർട്ടിൻ. ഇയാൾ ഉടൻ ഫയർവിഭാഗത്തിൽ വിവരം അറിയിച്ചതിനാലാണ്‌ വലിയ അപകടം ഒഴിവായത്‌. തീപിടിത്തമുണ്ടായ പൊളിറ്റിക്കൽ വിഭാഗം ഓഫീസും മാർട്ടിന്റെ റൂമും അടുത്തടുത്താണ്‌. വൈകിട്ട്‌ ഓഫീസ്‌ പൂട്ടി പോകാനുള്ള ഒരുക്കത്തിനിടെ ഇലക്‌ട്രിക്ക്‌ വയർ കത്തിയുള്ള ദുർഗന്ധം അനുഭവപ്പെട്ടു. ദുർഗന്ധം കൂടിയതോടെയാണ്‌ ജിഎഡി പൊളിറ്റിക്കൽ വിഭാഗം ഓഫീസ്‌ കതക്‌ തുറന്ന്‌ നോക്കിയത്‌. ഗസ്റ്റ്‌ ഹൗസ്‌ അനുവദിച്ചതുമായി ബന്ധപ്പെട്ട രേഖ ഇവിടെ വയ്‌ക്കുന്നതിനാൽ ഈ കതക്‌ അടയ്‌ക്കാറില്ല. അകത്ത്‌ നോക്കിയപ്പോൾ കറുത്ത പുക കണ്ടു. അതോടെ സെക്രട്ടറിയറ്റിലെ ഫയർവിഭാഗത്തിലേക്ക്‌ വിളിച്ചു. ആദ്യം രണ്ട്‌ സുരക്ഷാ ഓഫീസറും ഉടൻ അവിടെയെത്തി. പിന്നാലെ ചെങ്കൽച്ചൂളയിൽനിന്നുള്ള ഫയർ ഫോഴ്‌സും. എല്ലാം ഞൊടിയിടയിലായിരുന്നു. ജിഎഡിയിലെ ചില ഉദ്യോഗസ്ഥരും അപ്പോൾ അവിടെ എത്തിയിരുന്നതായും മാർട്ടിൻ പറഞ്ഞു.

27-Aug-2020