തടയാൻ വൻ സന്നാഹം
അഡ്മിൻ
കോവിഡ് അടച്ചിടലിനെ തുടർന്ന് പ്രതിസന്ധിയിലായ ജനങ്ങൾക്ക് ആശ്വാസമെത്തിക്കുന്നതിൽ പൂർണമായി പരാജയപ്പെട്ട കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ഡൽഹിയിൽ സിപിഐ എം പ്രതിഷേധം. നികുതിദായകരല്ലാത്ത എല്ലാവർക്കും പ്രതിമാസം 7500 രൂപ സഹായം അടക്കം 16 ഇന ആവശ്യങ്ങൾ മുൻനിർത്തിയുള്ള പ്രതിഷേധത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നൂറുകണക്കിനാളുകൾ പങ്കെടുത്തു.
മോഡി ഭരണത്തിൽ കോർപറേറ്റുകൾക്കുമാത്രമാണ് നേട്ടമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. അടച്ചിടൽ കാലയളവിൽ സാധാരണ ജനങ്ങൾക്ക് തൊഴിലും വേതനവും നഷ്ടമായപ്പോൾ അംബാനിയെപ്പോലുള്ള കോർപറേറ്റുകളുടെ സ്വത്തിൽ വൻവർധനയുണ്ടായി. പ്രധാനമന്ത്രിയുടെ ആത്‌മനിർഭർ ഭാരത് വാക്കിൽ മാത്രമാണ്. പ്രവൃത്തി കോർപറേറ്റുകളുടെ ലാഭവർധനയ്‌ക്കാണ്. വിമാനത്താവളങ്ങൾ അടക്കം പൊതുസ്വത്ത് വൻകിടക്കാർക്ക് വിൽക്കുകയാണ്.
കോവിഡ് കാലത്ത് പിഎംകെയർ എന്ന പേരിൽ രൂപം നൽകിയ സ്വകാര്യ ഫണ്ടിലേക്ക് കോടികളാണ് ഒഴുകിയത്. ഈ പണം എങ്ങനെ ചെലവഴിക്കുന്നുവെന്നത് വ്യക്തമല്ല. കേന്ദ്രത്തിന്റെ ദുർനയങ്ങൾക്കെതിരായി വരുംദിവസങ്ങളിൽ കൂട്ടായ പ്രക്ഷോഭം ഉയരുമെന്നും- യെച്ചൂരി പറഞ്ഞു.
ആസൂത്രണമില്ലാതെയുള്ള അടച്ചിടലിൽ രാജ്യത്തെ കോടിക്കണക്കായ ജനങ്ങൾക്കാണ് തൊഴിൽ നഷ്ടമായതെന്ന് പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. തൊഴിലാളികളുടെയും ജീവനക്കാരുടെയും വേതനം വെട്ടിക്കുറയ്‌ക്കപ്പെട്ടു. ഉൽപ്പന്നങ്ങൾ വിൽക്കാനാവാതെ കർഷകർ പ്രതിസന്ധിയിലായി. മോഡി സർക്കാർ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണെന്നും- ബൃന്ദ പറഞ്ഞു.
തടയാൻ വൻ സന്നാഹം
മോഡി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായി ഡൽഹിയിൽ സിപിഐ എം ആഹ്വാനം ചെയ്‌ത പ്രതിഷേധത്തിന് കോവിഡ് സാഹചര്യം പറഞ്ഞ് അനുമതി നിഷേധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഡൽഹിയിൽ രാഷ്ട്രീയ പാർടികളും സംഘടനകളും പതിവായി പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കാറുള്ള ജന്ദർമന്ദറിലെ പാർലമെന്റ് സ്‌ട്രീറ്റിലാണ് സിപിഐ എം പ്രതിഷേധയോഗം ആസൂത്രണം ചെയ്‌തത്. കോവിഡ് മാനദണ്ഡം പാലിച്ച് സമാധാനപൂർണമായ പ്രതിഷേധമാകും സംഘടിപ്പിക്കുകയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഡൽഹി പൊലീസിനെ സിപിഐ എം സംസ്ഥാന നേതാക്കൾ അറിയിച്ചിരുന്നു.
ബുധനാഴ്‌ച പകൽ 11ന് പ്രതിഷേധസ്ഥലത്തെത്തിയ സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ പി ഐ രവീന്ദ്രനാഥ്, അനുരാഗ് സക്‌സേന, സംസ്ഥാന സമിതിയംഗം പി വി അനിയൻ എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. നിരോധിത മേഖലയാണെങ്കിൽ കൂടി അറസ്‌റ്റ് ചെയ്യണമെങ്കിൽ കുറഞ്ഞത് നാലുപേർ വേണമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടിയെങ്കിലും പൊലീസ് ബലമായി കസ്‌റ്റഡിയിലെടുത്തു. പ്രതിഷേധസ്ഥലത്തേക്ക് എത്തിയ മറ്റ് പ്രവർത്തകരെയും തടഞ്ഞു. വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.
പിന്നീട് സിപിഐ എം പ്രവർത്തകർ വി പി ഹൗസ് വളപ്പിൽ ഒത്തുചേർന്ന് പ്രതിഷേധിച്ചു. ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശം പോലും കേന്ദ്രം നിഷേധിക്കുകയാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
ഡൽഹി കലാപം ആസൂത്രണം ചെയ്‌ത സംഘപരിവാർ നേതാക്കൾ സ്വതന്ത്രരായി വിലസുമ്പോൾ സാമൂഹ്യപ്രവർത്തകരെയും പൊതുപ്രവർത്തകരെയും കൂട്ടമായി അറസ്‌റ്റുചെയ്യുകയാണെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു.
27-Aug-2020
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ