സമ്പദ്‌ഘടനയിലെ നിക്ഷേപം ദുർബലമായെന്നും റിപ്പോർട്ടിൽ പറഞ്ഞു

ന്യൂഡൽഹി
കേന്ദ്രസർക്കാർ കഴിഞ്ഞ സെപ്‌തംബറിൽ കോർപറേറ്റ്‌ നികുതി ഗണ്യമായി വെട്ടിക്കുറച്ചത്‌ നിക്ഷേപരംഗത്ത്‌ ഗുണം ചെയ്‌തില്ലെന്ന്‌ റിസർവ്‌ ബാങ്ക്‌ വാർഷിക റിപ്പോർട്ട്‌. ഈ അവസരം ഉപയോഗപ്പെടുത്തി കടബാധ്യത കുറയ്‌ക്കാനും സമ്പാദ്യം വർധിപ്പിക്കാനുമാണ്‌ കമ്പനികൾ ശ്രമിച്ചത്‌. സമ്പദ്‌ഘടനയിലെ നിക്ഷേപം ദുർബലമായെന്നും റിപ്പോർട്ടിൽ പറഞ്ഞു.

കോർപറേറ്റുകൾക്ക്‌ 1.45 ലക്ഷം കോടി രൂപയുടെ നികുതിയിളവാണ്‌ നൽകിയത്‌‌. നിലവിലുള്ള കമ്പനികളുടെ നികുതി 22 ശതമാനമായും ഉൽപ്പാദനമേഖലയിൽ രജിസ്റ്റർ ചെയ്യുന്ന കമ്പനികളുടെ നികുതി 15 ശതമാനമായും കുറച്ചു. ഇതുവഴി ലാഭിച്ച പണം നിക്ഷേപരംഗത്ത്‌ വിനിയോഗിക്കപ്പെട്ടില്ല. നിക്ഷേപത്തിന്റെ സൂചികയായ മൂലധനചരക്ക്‌ ഉൽപ്പാദനം ഇക്കൊല്ലം ഏപ്രിൽ–-ജൂൺ കാലയളവിൽ ചുരുങ്ങി‌. നിക്ഷേപം വർധിപ്പിക്കണം. സർക്കാർ മുതൽമുടക്ക്‌ ഉയർത്തണം.

പണം കണ്ടെത്താൻ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിൽപ്പനയും സ്വകാര്യവൽക്കരണവുമാണ്‌ റിസർവ്‌ബാങ്ക്‌ നിർദേശിക്കുന്നത്‌.
 

ഇരകൾ ദരിദ്രർ
സമ്പദ്‌ഘടന തകർച്ചയുടെ ഇരകൾ ദരിദ്രരാണെന്ന്‌ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. അടച്ചുപൂട്ടൽ നീണ്ടതോടെ വളർച്ച വീണ്ടെടുക്കൽ ദുഷ്‌കരമായി. എല്ലാ രംഗത്തും പ്രതിസന്ധി പ്രകടമാണെങ്കിലും ഗതാഗതം, ഹോട്ടൽ, വിനോദം, സാംസ്‌കാരികം എന്നീ മേഖലകളിലാണ്‌ കടുത്ത ആഘാതം. നഗരങ്ങളിൽ ഉപഭോഗം കുത്തനെ ഇടിഞ്ഞു. ഗതാഗതസംവിധാനങ്ങൾക്ക്‌ വൻ തിരിച്ചടി നേരിട്ടു.

കള്ളനോട്ട്‌ വർധിച്ചു
നോട്ടുനിരോധനം കള്ളനോട്ടുകൾ ഇല്ലാതാക്കാനാണെന്ന കേന്ദ്രസർക്കാർ വാദം വീണ്ടും പൊളിഞ്ഞു. 500 രൂപ കള്ളനോട്ടുകളുടെ എണ്ണം 2019–-20ൽ മുൻവർഷത്തെ അപേക്ഷിച്ച്‌ 37.5 ശതമാനം വർധിച്ചു. 10, 50, 200 രൂപകളുടെ കള്ളനോട്ട്‌ യഥാക്രമം145, 29, 151 ശതമാനംവീതം വർധിച്ചു. കഴിഞ്ഞ സാമ്പത്തികവർഷം പുതിയ 2000 രൂപ നോട്ട്‌ അച്ചടിച്ചില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞു.

 

27-Aug-2020