ചൊവ്വാഴ്‌ച്ചയാണ് ജനം ടിവി കോ-ഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാർക്ക് കസ്റ്റംസ് നോട്ടീസ് നൽകിയത്
അഡ്മിൻ
സ്വർണക്കടത്ത് കേസിൽ അനധികൃതമായി ഇടപെട്ടതിന് ബിജെപി ചാനൽ തലവനെ കസ്റ്റംസ് നോട്ടീസ് അയച്ച് വിളിപ്പിച്ചിട്ടും വാർത്ത നൽകാതെ മാധ്യമങ്ങളുടെ 'കരുതൽ'. കേസിൽ സമാന്തര അന്വേഷണമെന്നോണം നിരന്തരം കഥകൾ മെനയുന്ന പത്രങ്ങളും ചാനലുകളുമൊന്നും കസ്റ്റംസിന്റെ ഈ നടപടി കണ്ടഭാവം നടിച്ചില്ല.
ചൊവ്വാഴ്‌ച്ചയാണ് ജനം ടിവി കോ-ഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാർക്ക് കസ്റ്റംസ് നോട്ടീസ് നൽകിയത്. ഈ ആഴ്ച്ച കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് അനിലിന് നൽകിയിരിക്കുന്ന നിർദേശം.
എന്നാൽ നോട്ടീസ് നൽകി 24 മണിക്കൂർ കഴിഞ്ഞിട്ടും പ്രധാന ചാനലുകളൊന്നും വാർത്ത നൽകിയില്ല. കേസുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ വരെ ബ്രേക്കിംഗ് ന്യൂസാക്കുകയും രാത്രി ചർച്ച നടത്തുകയും ചെയ്യുന്നവരാണ് ബിജെപി ചാനൽ തലവന്റെ മുഖം രക്ഷിക്കാൻ ശ്രമിച്ചത്.
ബുധനാഴ്‌ച്ച പുറത്തിറങ്ങിയ പ്രമുഖ ദിനപത്രങ്ങളും ഇതേ സമീപനം സ്വീകരിച്ചു. മലയാള മനോരമ അകത്തെ പേജിൽ ഒരു മൂലയ്‌ക്ക് നാല് വരിയിൽ വാർത്ത ഒതുക്കിയപ്പോൾ മാതൃഭൂമി ഒരുവരിപോലും വാർത്ത നൽകിയില്ല. 'ദേശാഭിമാനി' ഒന്നാം പേജിലാണ് വാർത്ത നൽകിയത്.
സ്വർണക്കടത്ത് പിടികൂടി മണിക്കൂറുകൾക്കുള്ളിൽ പ്രതി സ്വപ്‌ന സുരേഷുമായി അനിൽ നമ്പ്യാർ ഫോണിൽ സംസാരിച്ചതിന്റെ രേഖകൾ നേരത്തേ പുറത്തുവന്നതാണ്. സ്വർണം കടത്തിയത് നയതന്ത്ര ബാഗേജിലല്ലെന്ന് പറയാൻ അനിൽ നമ്പ്യാർ തന്നോട് നിർദേശിച്ചുവെന്ന് സ്വപ്ന മൊഴി നൽകിയിരുന്നു. മൂന്ന് പേജിലാണ് അനിലിന്റെ പേര് കസ്റ്റംസിന് നൽകിയ മൊഴിയിൽ സ്വപ്ന പരാമർശിച്ചിട്ടുള്ളത്.
സ്വപ്‌നയെ വിളിച്ചവരുടെ ലിസ്റ്റിൽ തന്റെ പേര് വന്നതോടെ നേരത്തേ വിശദീകരണവുമായി അനിൽ രംഗത്തെത്തിയിരുന്നു. സ്വപ്നയുടെ കോൾ ലിസ്റ്റ് പ്രകാരം ജൂലൈ അഞ്ച് 12.42ന് അനിൽ നമ്പ്യാർ സ്വപ്നയെ വിളിച്ചു 262 സെക്കന്റ് സംസാരിച്ചിട്ടുണ്ട്. വാർത്തയ്ക്കുവേണ്ടിയാണ് സ്വപ്നയെ വിളിച്ചതെന്നായിരുന്നു അനിലിന്റെ ന്യായീകരണം. എന്നാൽ സ്വർണം പിടിച്ച ദിവസം അത്തരമൊരു വാർത്ത ജനം ടിവിയിൽ വന്നിട്ടേയില്ലെന്ന് തെളിഞ്ഞിരുന്നു. അഞ്ചാം തിയതി മൂന്നു മണിയോട് കൂടിയാണ് ആ സ്വപ്നയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാകുന്നതും ഒളിവിൽ പോകുന്നതും.
സൂര്യാ ടിവിയിൽ ജോലി ചെയ്യുമ്പോൾ അന്ന് മന്ത്രിയായിരുന്ന കെ വി തോമസിനെതതിരെ വ്യാജരേഖ ചമച്ചെന്ന കേസിലും അനിൽ നമ്പ്യാർ പ്രതിയായിരുന്നു.