സിപിഐ എം കരിദിനാചരണത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്ര മൈതാനത്തെ ഗാന്ധിപ്രതിമയ്‌ക്കുമുന്നിൽ നടത്തിയ ധർണ കോടിയേരി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു
അഡ്മിൻ
മിഥിലാജിന്റെയും ഹഖ് മുഹമ്മദിന്റെയും ഓർമകൾ ജ്വലിച്ചു നിന്ന സായാഹ്‌നത്തിൽ 15,000 കേന്ദ്രങ്ങളിൽ ഉയർന്ന പ്രതിഷേധ കൂട്ടായ്‌മ കോൺഗ്രസിന്റെ കൊലപാതക രാഷ്‌ട്രീയത്തിന് ജില്ലയുടെ താക്കീതായി. തിരുവോണനാളിൽ കോൺഗ്രസുകാർ അരുംകൊല ചെയ്‌ത പ്രിയസഖാക്കളുടെ ചിത്രങ്ങൾക്കുമുന്നിൽ പുഷ്‌പാർച്ചന നടത്തി ആരംഭിച്ച ധർണയിൽ കുട്ടികളും മുതിർന്നവരുമടക്കം എല്ലാ തുറകളിലുമുള്ളവർ പങ്കെടുത്തു. സിപിഐ എം ആഹ്വാനം ചെയ്‌ത കരിദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ 2900 ബ്രാഞ്ചിലും അഞ്ചിലധികം കേന്ദ്രങ്ങളിൽവീതം ബുധനാഴ്‌ച വൈകിട്ട് പ്രതിഷേധ ധർണ നടന്നു. ഓരോ സമരകേന്ദ്രത്തിലും അഞ്ചുപേർവീതം കോവിഡ് മുൻകരുതലുകൾ പാലിച്ച് പ്ലക്കാർഡും കറുത്ത ബാഡ്‌ജും കൊടിയുമായി പങ്കെടുത്തു.
എറണാകുളം രാജേന്ദ്ര മൈതാനിക്കു സമീപം ഗാന്ധി പ്രതിമയ്‌ക്കുമുന്നിലെ പ്രതിഷേധ ധർണ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി രാജീവ് സംസാരിച്ചു. ജില്ലാ സെക്രട്ടറി സി എൻ മോഹനൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ ജെ ജേക്കബ്, കെ എൻ ഉണ്ണിക്കൃഷ്‌ണൻ എന്നിവർ പങ്കെടുത്തു. ഏരിയ സെക്രട്ടറി പി എൻ സീനുലാൽ സ്വാഗതം പറഞ്ഞു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി എം ദിനേശ്‌മണി പാലാരിവട്ടത്തും ഗോപി കോട്ടമുറിക്കൽ മൂവാറ്റുപുഴ എസ്‌എൻഡിപി ജങ്‌ഷനിലും എസ് ശർമ ഞാറക്കൽ ജങ്‌ഷനിലും കെ ചന്ദ്രൻപിള്ള ഏലൂർ ഫാക്‌ട് ജങ്‌ഷനിലും ധർണ ഉദ്‌ഘാടനം ചെയ്‌തു.
ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ സി കെ മണിശങ്കർ വൈറ്റില ജങ്‌ഷനിലും എൻ സി മോഹനൻ പെരുമ്പാവൂർ വില്ലേജ് കവലയിലും പി എം ഇസ്‌മയിലും പി ആർ മുരളീധരനും മൂവാറ്റുപുഴ എസ്‌തോസ് ഭവനുമുന്നിലും എം സി സുരേന്ദ്രൻ തൃപ്പൂണിത്തുറ ഏരൂർ സൗത്തിലും ജോൺ ഫെർണാണ്ടസ് പള്ളുരുത്തി വെളി ജങ്‌ഷനിലും ധർണ ഉദ്‌ഘാടനം ചെയ്‌തു.