ഒരു മരണമെന്ന് റിപ്പോർട്ട്

ഇന്ത്യ–- ചൈന അതിർത്തിയിൽ സംഘർഷസ്ഥിതി തുടരവെ പാംഗോങ്ങിലെ ഫിംഗർ നാലിൽ ഇന്ത്യൻ സൈന്യം നിലയുറപ്പിച്ചു. കിഴക്കൻ ലഡാക്കിലെ പാംഗോങ്‌ തടാകതീരത്തെ യഥാർഥ നിയന്ത്രണരേഖയിൽ ഉയർന്ന മേഖലയിലാണ്‌ സൈനിക വിന്യാസം‌.

ജൂൺ ആദ്യവാരത്തെ സംഘർഷത്തിനുശേഷം ആദ്യമായാണ്‌ ഇന്ത്യൻസേന ഫിംഗർ നാലിൽ എത്തിയത്‌. ഏപ്രിലിൽ തടാകത്തിന്റെ വടക്കൻ തീരത്ത്‌ കടന്നുകയറിയ ചൈനീസ്‌ സൈനികർ പോസ്റ്റുകൾ നിർമിച്ചിരുന്നു. പ്രത്യേക അതിർത്തിസേനയുടെ ദ്രുതഗതിയിലാണ്‌ ഇവിടേക്ക്‌ നീക്കം നടത്തിയത്‌. മൂന്നുദിവസമായി പാംഗോങ്ങിന്റെ തെക്കൻതീരത്ത് കടന്നുകയറ്റ ശ്രമം നടക്കുന്നു.

മാർമേഖലയിൽ ചൊവ്വാഴ്‌ച ഉണ്ടായ കടന്നുകയറ്റശ്രമം ഇന്ത്യൻ സൈനികർ ചെറുത്തു. ചുഷൂൽ സെക്ടറിൽ ഉയർന്ന പർവതമേഖല പിടിക്കാനുള്ള ചൈനയുടെ നീക്കം തടഞ്ഞതോടെയാണ്‌ പുതിയ സംഘർഷമുഖം തുറന്നത്‌. കിഴക്കൻ അതിർത്തിയിൽ സൈനിക വിന്യാസം ശക്തമാക്കി. അരുണാചൽപ്രദേശിലെ അൻജാവ് ജില്ലയിലടക്കം ജൂൺമുതൽ സൈനികസാന്നിധ്യം വർധിപ്പിച്ചിട്ടുണ്ട്.

ഒരു മരണമെന്ന് റിപ്പോർട്ട്
പാംഗോങ്ങിൽ ശനിയാഴ്ചയുണ്ടായ സംഘർഷത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടെന്ന് വാർത്താ ഏജൻസി എഎഫ്പി റിപ്പോർട്ട്‌ ചെയ്തു. ഇന്ത്യയിൽ അഭയംതേടിയ തിബറ്റ് പാർലമെന്റ്‌ അംഗമായിരുന്ന നംഗ്യാൽ ദോൽക്കർ ലഹ്ഗ്യാരിയെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. ഒരാൾക്ക് പരിക്കുണ്ടെന്നും ഇവർ പറഞ്ഞു. സംഭവത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
 

03-Sep-2020