24-8-2013ൽ സർക്കാർ ഇറക്കിയ ഉത്തരവ് പ്രകാരം ഇത്തരത്തിൽ ഓഫീസിന് പുറത്തുള്ള സന്ദർഭങ്ങളിൽ ഇ സോഫ്റ്റ്‌വെയർ ഉപയോഗിക്കാമെന്ന് നിഷ്‌കർഷിക്കുന്നുണ്ട്

തന്റെ പേരിൽ വ്യാജ ഒപ്പിട്ടെന്ന ബിജെപിയുടെയും അത് ഏറ്റുപിടിച്ച യുഡിഎഫ് നേതാക്കളുടെയും ആരോപണം പൊളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കാര്യങ്ങൾ അറിയാത്തതുകൊണ്ടായിരിക്കും ബിജെപി ഇത്തരമൊരു പരാതി ഉന്നയിച്ചത്. അമേരിക്കയിലായിരുന്നപ്പോൾ ഇഫയലായി വാങ്ങിയാണ് ഒപ്പിട്ടുകൊണ്ടിരുന്നത്. മലയാള ഭാഷാദിനത്തിന്റെ ഫയലിൽ ഒപ്പിട്ടത് താനാണ്. ഒപ്പ് വ്യാജമല്ല. സെപ്‌തംബർ ആറിന് ഇത്തരത്തിൽ 39 ഫയലുകളിൽ ഡിജിറ്റൽ ഒപ്പിട്ടുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തന്റെ ഐപാഡ് ഉയർത്തിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

24-8-2013ൽ സർക്കാർ ഇറക്കിയ ഉത്തരവ് പ്രകാരം ഇത്തരത്തിൽ ഓഫീസിന് പുറത്തുള്ള സന്ദർഭങ്ങളിൽ ഇ സോഫ്റ്റ്‌വെയർ ഉപയോഗിക്കാമെന്ന് നിഷ്‌കർഷിക്കുന്നുണ്ട്. യാത്രയിലായിരുന്ന എല്ലാദിവസവും ഇത്തരത്തിൽ ഫയലുകളിൽ ഒപ്പിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിജെപി പറഞ്ഞ കാര്യം കോൺഗ്രസിനെക്കാൾ വാശിയോടെ മുസ്ലീം ലീഗ് ഏറ്റെടുക്കുകയാണ്. ബിജെപിയുടെ ഒക്കച്ചങ്ങാതിമാരായി ലീഗ് മാറിയിട്ടുണ്ട്. ആദ്യം ബിജെപി പറയുക പിന്നെ അതിന് ബലം കൊടുക്കാൻ വേണ്ടി യുഡിഎഫ് ഇടപെടുക-ഇതാണ് ഇപ്പോൾ നടക്കുന്നത്. ആരോപണം ഉന്നയിച്ച ആൾക്ക് ഇതിന്റെ സാങ്കേതികത്വം മനസിലാകാതെ വന്നിരിക്കാം. പക്ഷേ, ദീർഘകാലം മന്ത്രിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയെ പോലൊരാൾക്ക് ഇതിന്റെ സാങ്കേതികത്വം അറിയാതെ വരാൻ ഇടയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

03-Sep-2020