ജനങ്ങളെ അണിനിരത്തിക്കൊണ്ടുവേണം കോൺഗ്രസ് കാപാലികസംഘത്തെ ഒറ്റപ്പെടുത്തേണ്ടതെന്നും കോടിയേരി പറഞ്ഞു
അഡ്മിൻ
വെഞ്ഞാറമൂടിൽ കോൺഗ്രസുകാർ വെട്ടിക്കൊലപ്പെടുത്തിയ ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും കുടുംബത്തെ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സന്ദർശിച്ചു. രണ്ട് കുടുംബങ്ങളും ഒരിക്കലും അനാഥമാകില്ലെന്ന് കോടിയേരി പറഞ്ഞു. ഇവരുടെ സംരക്ഷണം സിപിഐ എം ഏറ്റെടുക്കും. കുട്ടികൾക്ക് എത്രകാലം ഏതൊക്കെ വിദ്യാഭ്യാസം നേടണമെങ്കിലും പാർടി അതിനുള്ള സൗകര്യം ഉറപ്പാക്കുമെന്നും കോടിയേരി പറഞ്ഞു. ഹഖിന്റെയും മിഥിലാജിന്റെയും കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി.
ആസൂത്രിതമായി നടത്തിയ കൊലപാതകമാണിത്. പരിശീലനം സിദ്ധിച്ചവരാണ് കൊലയാളികൾ. ഏത് ആശുപത്രിയിൽ എത്തിച്ചാലും രക്ഷപെടാൻ പാടില്ല എന്ന വിധത്തിലാണ് അക്രമം നടത്തിയത്. കൊലപാതകത്തിന് ശേഷവും രക്തസാക്ഷികളെ അപമാനിക്കുന്ന വിധത്തിലുള്ള പരാമർശങ്ങളാണ് കോൺഗ്രസ് നേതാക്കൾ നടത്തിക്കൊണ്ടിരിക്കുന്നത്. കോൺഗ്രസിന്റെ ഉന്നത നേതാക്കൾക്ക് ഇതിൽ പങ്കുണ്ട്. കൊലപാതകത്തെ ന്യായീകരിക്കുന്ന വിധത്തിലുള്ള പ്രതികരണങ്ങളാണ് കോൺഗ്രസ് നേതാക്കൾ നടത്തുന്നതെന്നും കോടിയേരി പറഞ്ഞു.
കൊലപാതകം നടത്തി സിപിഐ എമ്മിനെ തകർക്കാം എന്ന് കരുതരുത്. സിപിഐ എമ്മിന് ബാലികേറാമലയായിരുന്ന പ്രദേശത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വാര്ഡ് പിടിച്ചെടുത്ത് മുതൽ തുടങ്ങിയ പകയാണ്. നിരവധി ചെറുപ്പക്കാർ സിപിഐ എമ്മിലേക്ക് വന്നുകൊണ്ടിരിക്കുന്നത് അക്രമത്തിന് കാരണമായി. ഇപ്പോൾ ചികിത്സയിലുള്ള ഫൈസലിനെയും വധിക്കാനായിരുന്നു കോൺഗ്രസ് പദ്ധതിയിട്ടത്.
തിരുവോണദിവസം ചോരപ്പൂക്കളം തീർത്ത കോൺഗ്രസിന് ഒരിക്കലും ജനം മാപ്പ് നൽകില്ല. സമാധാനമാണ് സിപിഐ എം ആഗ്രഹിക്കുന്നത്, അക്രമത്തിന് പകരം അക്രമമല്ല. അമർഷവും പ്രതിഷേധവും മനസിൽ സൂക്ഷിച്ച് കൊണ്ട് ബാലറ്റ് പേപ്പറിലൂടെ വേണം പ്രതികാരം പ്രകടിപ്പിക്കേണ്ടത്. കോൺഗ്രസിന്റെ പ്രകോപനത്തിൽ പെട്ട് പ്രവർത്തകർ പോകരുത്. ജനങ്ങളെ അണിനിരത്തിക്കൊണ്ടുവേണം കോൺഗ്രസ് കാപാലികസംഘത്തെ ഒറ്റപ്പെടുത്തേണ്ടതെന്നും കോടിയേരി പറഞ്ഞു. എസ് രാമചന്ദ്രൻപിള്ള, ആനത്തലവട്ടം ആനന്ദൻ തുടങ്ങിയവരും കോടിയേരിക്കൊപ്പമുണ്ടായിരുന്നു.