ചില്ലിക്കാശിന്റെ മുടക്കുമുതല്‍ ഇല്ലാതെ തുടങ്ങിയ കമ്പനി വഴിയാണ് മലയാളമനോരമ ഇന്ന് കാണുന്ന മഹാസാമ്രാജ്യം പടുത്തുയര്‍ത്തിയിരിക്കുന്നത്

മലയാളമനോരമ ഒന്നാം പേജില്‍ വളരെ പ്രാധാന്യത്തോടെ " കമ്പനി ശരിയോ?" എന്ന തലക്കെട്ടില്‍ ഇന്ന് പ്രസിദ്ധീകരിച്ച വാര്‍ത്ത ആ പത്രത്തിന്റെ വായനക്കാരെല്ലാം കണ്ടിരിക്കും. ഏറ്റവും ചുരുങ്ങിയത് അരക്കോടി വായനക്കാര്‍ എങ്കിലും വായിച്ചിട്ടുണ്ടാകും. ഇതിന് പുറമേ മനോരമേതര വായനക്കാരില്‍ ലക്ഷക്കണക്കിന് ആളുകള്‍ പരസ്പരം ഇതേക്കുറിച്ച് ആശയവിനിമയം നടത്തിയിട്ടുമുണ്ടാകും. കാരണം മലയാളികള്‍ ഇത്തരം വാര്‍ത്തകള്‍ ഏതെങ്കിലും പത്രത്തില്‍ വായിച്ചാല്‍ സുഹൃത്തുക്കളുമായി ചൂടോടെ ആശയവിനിമയം നടത്തുന്നവരാണ്. അത് ഇവിടെയും ഇന്ന് രാവിലെ തന്നെ സംഭവിച്ചിട്ടുണ്ടാകാം.

ഞാനും ഈ വാര്‍ത്ത വളരെ കൗതുകത്തോടെയാണ് വായിച്ചത്. എന്റെ പത്രപ്രവര്‍ത്തന ജീവിതത്തില്‍ മലയാള മനോരമ മാധ്യമ പ്രവര്‍ത്തനത്തില്‍ നടത്തിയ പല തട്ടിപ്പുകളും കണ്ടിട്ടുണ്ട്. ചിലതിനോട് സഹികെട്ട് പ്രതികരിച്ചിട്ടുമുണ്ട്. എന്നാല്‍, ഇന്ന് മനോരമ നടത്തിയത് കണ്ണില്‍ ചോരയില്ലാത്ത പാതകമാണ്. അതും കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയുടെ ഉന്നത നേതാവിനോടും അദ്ദേഹത്തിന്‍റെ കുടുംബത്തോടും.

എത്ര തന്നെ പക ഉണ്ടെങ്കിലും ഇത്രത്തോളം ഒരു വന്‍കിട മാധ്യമം അധപതിച്ചു കൂടാ എന്ന് ആദ്യമേ പറയുകയാണ്‌.

ഇനി ആ വാര്‍ത്തയിലേക്ക് വരാം.
ഞാന്‍ ആ വാര്‍ത്തയുടെ വിശദാംശങ്ങള്‍ ഇവിടെ അത് വായിച്ചവരോട് വിശദീകരിക്കുന്നില്ല. ആ വാര്‍ത്ത വായിച്ചവര്‍ ഇതോടൊപ്പമുള്ള രണ്ട് ഫോട്ടോകള്‍കൂടി കാണുക. 2018 ഡിസംബര്‍ 12 ന് കേന്ദ്ര സര്‍ക്കാറിന്റെ കമ്പനി രജിസ്ട്രാറുടെ ഓഫീസ് ഇറക്കിയ ഉത്തരവുകള്‍ ആണിത്. ഒരു കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് അതിന്റെ ബോര്‍ഡോ ഉടമയോ ആവശ്യപ്പെട്ടാല്‍ അതില്‍ എടുക്കുന്ന തീരുമാനം ബന്ധപെട്ടവരെ അറിയിക്കുന്ന ഫോമിലെ ഉത്തരവ് ആണിത്. അതില്‍ പറഞ്ഞിരിക്കുന്നത് എന്താണെന്ന് ഇംഗ്ലീഷ് അറിയുന്നവര്‍ക്ക് എല്ലാം വായിച്ചാല്‍ മനസ്സിലാകും. 2018 ഫെബ്രുവരി 28 നു ബന്ധപ്പെട്ട കക്ഷി സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച് കൈക്കൊള്ളുന്ന തീരുമാനമാണ് എന്ന് ഉത്തരവില്‍ എടുത്ത് പറഞ്ഞിട്ടുണ്ട്.

കമ്പനി രജിസ്ട്രാര്‍ ഇവര്‍ക്ക് നല്‍കിയിരിക്കുന്ന രജിസ്ട്രേഷന്‍ പട്ടികയില്‍ നിന്ന് ഈ കമ്പനിയുടെ പേര്‍ നീക്കം ചെയ്യാനുള്ള ആവശ്യം അംഗീകരിക്കുകയും അതനുസരിച്ച് കമ്പനിയുടെ ബോര്‍ഡ് പിരിഞ്ഞുപോകാന്‍ അനുവദിക്കുകയും ചെയ്തിരിക്കുന്നു എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പരമോന്നത അധികാര സമിതിയായ കമ്പനി രജിസ്ട്രാറുടെ ഓഫീസ് ഇതില്‍ പറഞ്ഞിരിക്കുന്നത്.

ഈ ഉത്തരവ് ഇറങ്ങിയിട്ട് രണ്ടുവര്‍ഷം ആകാറായി എന്നതും ഓര്‍ക്കുക.

ഇനി മനോരമയുടെ ഇന്നത്തെ വാര്‍ത്ത ഒന്നുകൂടി വായിക്കുക. തലയ്ക്കു വെളിവില്ലാത്തവരെയാണോ മനോരമ ഓഫീസില്‍ വെച്ചിരിക്കുന്നതെന്ന് ഞാന്‍ പറഞ്ഞാല്‍ അത് ലഘുവായ പ്രതികരണം എന്നേ രണ്ടും വായിക്കുന്നവര്‍ പറയൂ. ഈ വാര്‍ത്ത കൈകാര്യം ചെയ്തതിനു പിന്നില്‍ തന്തയ്ക്കു പിറക്കാത്തവരുടെ കരങ്ങള്‍ ഉണ്ടെന്ന് നാടന്‍ ഭാഷയില്‍ പറയുന്നവരുമുണ്ടാകും. അത്ര വലിയ പാതകമാണ് ഇത്.

കയ്യില്‍ വലിയൊരു ഉച്ചഭാഷിണി ഉള്ളതുകൊണ്ടാണ് നേരം പുലര്‍ന്നാല്‍ ഉടനെ കൂകിത്തുടങ്ങാം എന്ന് അഹങ്കരിക്കുന്നത്. ഇതിന്റെ പിന്നില്‍ രാഷ്ടീയ ലക്ഷ്യം ഉണ്ടാകാം, ഇല്ലായിരിക്കാം. അതെന്റെ വിഷയമേയല്ല.

ഇന്ത്യയില്‍ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ യഥാസമയം സമര്‍പ്പിക്കാത്ത പത്തുലക്ഷത്തോളം കമ്പനികളുടെ പേരില്‍ 2016 ല്‍ മോദി സര്‍ക്കാര്‍ കടുത്തനടപടികള്‍ എടുത്തിരുന്നു. അത്തരത്തിലുള്ള എല്ലാ കമ്പനികള്‍ക്കും നോട്ടീസും അയച്ചു. സഹസ്ര കോടികള്‍ ഇതുവഴി ഖജനാവിലെത്തി. പലരും കമ്പനികള്‍ തന്നെ വേണ്ടെന്നുവച്ചു. മനോരമ വാര്‍ത്തയില്‍ പറയുന്ന രണ്ട് കമ്പനികള്‍ ആകട്ടെ പേര്‍ രജിസ്റ്റര്‍ ചെയ്തിരുന്നതല്ലാതെ ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ല. ഒരു ബാങ്ക് അക്കൗണ്ട് പോലും ഈ കമ്പനികള്‍ തുടങ്ങിയിരുന്നില്ല. കമ്പനികളുടെ പട്ടികയില്‍ പേരുണ്ടായിരുന്നു എന്നുമാത്രം. 2018 ല്‍ അതും ഇല്ലാതായി.

ഈ പച്ചയായ സത്യം വിഴുങ്ങി ലക്ഷക്കണക്കായ മലയാളി വായനക്കാരുടെ അണ്ണാക്കില്‍ ഇത് തിരുകിക്കൊടുക്കുന്ന ഈ പണിയെ മാധ്യമപ്രവര്‍ത്തനം എന്നല്ല വിളിക്കേണ്ടത്. മനോരമ കുറേ ദിവസമായി ചാടുന്നു. തുള്ളുന്നു. ആരും ഒന്നും മിണ്ടുന്നില്ല എന്നത് കൊണ്ട് എവിടെയും കയറിക്കളയാം എന്ന് കരുതരുത്. ചിലപ്പോള്‍ ഇതുപോലെ കരണത്ത് തന്നെ പ്രഹരം കിട്ടും.
ചില്ലിക്കാശിന്റെ മുടക്കുമുതല്‍ ഇല്ലാതെ തുടങ്ങിയ കമ്പനി വഴിയാണ് മലയാളമനോരമ ഇന്ന് കാണുന്ന മഹാസാമ്രാജ്യം പടുത്തുയര്‍ത്തിയിരിക്കുന്നത് എന്നത് മറക്കണ്ട.

തിരുവിതാംകൂറിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച് കമ്പനി രൂപീകരിച്ചത് മനോരമയാണ്‌. അതിന്റെ സാരഥികള്‍ക്ക് ഇതുസംബന്ധിച്ച് ഇന്ത്യയില്‍ നിലനില്‍ക്കുന്ന നിയമവ്യവസ്ഥ അറിയാതിരിക്കാനിടയില്ല.ലിക്വിഡെറ്റ് ചെയ്യപ്പെട്ട ട്രാവന്‍കൂര്‍ നാഷണല്‍ ആന്‍ഡ്‌ ക്വയിലോണ്‍ ബാങ്കിന്റെ ചരിത്രവും കേരളം മറന്നിട്ടില്ല.

ഇന്നത്തെ മനോരമ വാര്‍ത്തയില്‍ വ്യവസായ സംരംഭകത്വത്തിനു ഇറങ്ങിയ ചിലരുടെ അതിമോഹങ്ങളെയും ഗൂഡലക്ഷ്യങ്ങളെയും കുറിച്ച് മനോരമ വിധികല്‍പ്പിക്കുന്നു. അതിലൊന്നും വിധി കല്‍പ്പിക്കാന്‍ ഞാനില്ല. എനിക്ക് അതിന്റെ ആവശ്യവുമില്ല.ആരെങ്കിലും ഉപ്പ് തിന്നിട്ടുണ്ടെങ്കില്‍ വെള്ളം കുടിക്കണം. അതിന് പെരുംനുണ എഴുതി വായനക്കാരുടെ കണ്ണ് കെട്ടുകയല്ല വേണ്ടത്.

മനോരമ തട്ടിക്കൂട്ടിയ ഇത്തരം കമ്പനികളുടെ എണ്ണം കൂടി ഒന്ന് ഓര്‍ക്കണം. തിരുവിതാംകൂറില്‍ ബ്ലേഡ്കമ്പനികളുടെ കുലപതിയാരായിരൂന്നു എന്നത് പഴയ തലമുറയ്ക്ക് അറിയാം. മനോരമയുടെ ബാങ്കില്‍ നിക്ഷേപകര്‍ക്ക് പലിശ നാല് ശതമാനമായിരുന്നപ്പോള്‍ വായ്പ എടുക്കുന്നവര്‍ക്ക് പലിശ 16 ശതമാനമായിരുന്നു. ആ ചരിത്രത്തിലേക്കൊന്നും ഇപ്പോള്‍ പോകുന്നില്ല.

06-Sep-2020