ഉമ്മൻചാണ്ടിയെ രാഷ്ട്രീയ വനവാസത്തിനയക്കാൻ ചെന്നിത്തലയുടെ നീക്കം
അഡ്മിൻ
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിയമസഭാ അംഗത്വത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമിടുന്ന വേളയിൽ സോളാർ നായിക സരിതയെ രംഗത്തിറക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിശ്വസ്ഥർ ശ്രമിച്ചെന്ന് സൂചനകൾ. സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമിടുന്ന വേളയിൽ പോലീസിന്റെ അന്വേഷണ സംഘം മുമ്പാകെ സരിതയുടെ മൊഴി നൽകാൻ ആയിരുന്നു കോൺഗ്രസിലെ ഐ ഗ്രൂപ്പ് ഉന്നതർ ശ്രമിച്ചത്. മൊഴി നൽകാനായി സരിതയ്ക്ക് ലക്ഷങ്ങൾ വാഗ്‌ദാനം ചെയ്തു എന്ന വിവരമാണ് കോൺഗ്രസ് ഉപശാല വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്.
ഐ ഗ്രൂപ്പ് ഉന്നതരുടെ രഹസ്യ നീക്കങ്ങൾ മനസിലാക്കിയ ഉമ്മൻചാണ്ടിയുടെ ക്യാമ്പ് പ്രത്യേക ദൂതനെ അയച്ച് സരിതയെ കാണുകയും 'പാരിതോഷികം' മുൻകൂറായി നൽകുകയും ചെയ്യുകയായിരുന്നു. സരിത എസ് നായർക്ക് പാരിതോഷികം നൽകാനായി ലൈംഗീക ആരോപണം നേരിട്ട മുൻ മന്ത്രിമാർ അടക്കമുള്ള കോൺഗ്രസ് നേതാക്കളിൽ നിന്നും ഉമ്മൻചാണ്ടിയുടെ വിശ്വസ്ഥർ ലക്ഷങ്ങൾ പിരിച്ചെടുത്തു എന്നും പറയുന്നു. പ്രതിപക്ഷ നേതാവിന്റെ അടുപ്പക്കാർ വാഗ്‌ദാനം നൽകിയതിന്റെ ഇരട്ടിയിലേറെ തുക, ഉമ്മൻ ചാണ്ടിയുടെ നിയമസഭാ അംഗത്വത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ പഴയ ലൈംഗീക പീഡന കഥകളിൽ മുങ്ങിപ്പോകാതിരിക്കാനായി ചിലവാക്കി എന്നാണ് കോൺഗ്രസ് വൃത്തങ്ങൾ രഹസ്യമായി വെളിപ്പെടുത്തുന്നത്.
സോളാർ അഴിമതിക്കാലത്ത് ഉമ്മൻചാണ്ടി അടക്കമുള്ള യു ഡി എഫ് മന്ത്രിമാർ പീഡിപ്പിച്ചു എന്ന സരിത എസ് നായരുടെ ആരോപണം വലിയ സമര കോലാഹലങ്ങൾക്ക് വഴിവെച്ചിരുന്നു. യു ഡി എഫ് നേതാക്കൾ പണം കൊടുത്താണ് പല സമയത്തും സരിതയെ നിശബ്‌ദയാക്കിയത്. ആ സമയത്ത് ഉമ്മൻചാണ്ടിയുടെ രാജിയും ജുഡീഷ്യൽ അന്വേഷണവും ആവശ്യപ്പെട്ട് ഇടതുപക്ഷം നടത്തിയ പ്രക്ഷോഭം ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചപ്പോൾ ആണ് അവസാനിപ്പിച്ചത്.
ഉമ്മൻചാണ്ടി പ്രത്യേക താത്പര്യമെടുത്ത് നിയോഗിച്ച ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ സോളാർ കുംഭകോണവും ലൈംഗീക പീഡനങ്ങളും വിശദമായി അന്വേഷിച്ചു. കമ്മീഷൻ റിപ്പോർട്ടിലെ പരാമർശങ്ങളും നിരീക്ഷണങ്ങളും പൊതുസമൂഹം ചർച്ചചെയ്യാതിരിക്കാൻ ഇടപെടണം എന്നാവശ്യപ്പെട്ട് ഉമ്മൻചാണ്ടി കോടതിയെ സമീപിച്ചിരുന്നു. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് മുഖ്യമന്ത്രി ആയിരിക്കുന്ന വേളയിൽ ചെയ്ത കാര്യങ്ങളെ കുറിച്ച് മറ്റുള്ളവർ സംസാരിക്കരുത് എന്ന ആവശ്യം ഒരു പൊതുപ്രവർത്തകൻ കോടതി മുമ്പാകെ ഉയർത്തിയത്.
എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ സരിത എസ് നായർ ഡി ജി പി മുൻപാകെ ഉമ്മൻചാണ്ടി അടക്കമുള്ള യു ഡി എഫ് നേതാക്കളുടെ ലൈംഗീക അതിക്രമങ്ങളെയും അഴിമതിയെയും സംബന്ധിച്ച് പരാതി നൽകിയിരുന്നു. പ്രസ്‌തുത പരാതിയിന്മേൽ പൊലീസിന് മൊഴി നൽകാൻ സരിത ഇതുവരെയും തയ്യാറായിട്ടില്ല. പീഡനത്തിനിരയായ ഇര എന്നുള്ള നിലയിൽ പൊലീസിന് മൊഴി നൽകാൻ തയ്യാറാവുമ്പോൾ ഉമ്മൻചാണ്ടിയുടെ കൂടെയുള്ളവർ പണം നൽകി സരിതയെ നിശ്ശബ്ദയാക്കുന്നു എന്നാണ് രമേശ് ചെന്നിത്തലയുടെ കൂടെ ഉള്ളവർ പറയുന്നത്. അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കിയ സാഹചര്യത്തിൽ രമേശ് ചെന്നിത്തലയുടെ ക്യാമ്പ് ആകെ അസ്വസ്ഥമാണ്. സരിതയെ കൊണ്ട് മൊഴി നൽകിപ്പിച്ചാൽ ഉമ്മൻചാണ്ടിയെ രാഷ്ട്രീയ വനവാസത്തിന് അയപ്പിക്കാം എന്നാണ് ചെന്നിത്തല വിഭാഗം കണക്ക് കൂട്ടുന്നത്. അതിനാവശ്യമായ സാമ്പത്തിക സമാഹരണം നടത്താൻ ഐ ഗ്രൂപ്പിലെ ചെന്നിത്തല വിശ്വസ്ഥർ രംഗത്തിറങ്ങി കഴിഞ്ഞു എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.
സോളാർ കമ്മീഷൻ റിപ്പോർട്ടിന്റെ പുറത്തോ, ഡി ജി പിക്ക് നൽകിയ പരാതിയുടെ പുറത്തോ സരിത എസ് നായർ പൊലീസിന് മൊഴി നൽകിയാൽ ഉമ്മൻചാണ്ടി അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നിയമ നടപടികളിലേക്ക് പോലീസ് പോകുമെന്നാണ് സൂചനകൾ.