8.1 ലക്ഷം പച്ചക്കറി വിത്ത്

സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷ ലക്ഷ്യമാക്കി എൽഡിഎഫ്‌ സർക്കാർ ആവിഷ്‌കരിച്ച ‘സുഭിക്ഷ കേരളം’ പദ്ധതിയിലൂടെ ജില്ലയിൽ കൃഷിയിറക്കിയത്‌ 2,900 ഏക്കറിലേറെ പ്രദേശത്ത്‌. പദ്ധതിക്കു കീഴിൽ 3,662 കർഷകർ ജില്ലയിൽ തരിശുനില കൃഷി ചെയ്‌തു. 

കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഫിഷറീസ് –- മൃഗസംരക്ഷണ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധ -–- രാഷ്ട്രീയസംഘടനകൾ, കുടുംബശ്രീ എന്നിവ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. നെല്ല്, പച്ചക്കറി, വാഴ, ഫലവൃക്ഷം, കിഴങ്ങുവർഗം,  പയറുവർഗം, ചെറുധാന്യം തുടങ്ങിയ കൃഷികളും മത്സ്യകൃഷിയുമുണ്ട്‌.

അട്ടപ്പാടി ബ്ലോക്കിലെ അഗളി പഞ്ചായത്തിലാണ് കൂടുതൽ കൃഷി ഇറക്കിയത്. 859 ഏക്കറിൽ നെല്ല്, പച്ചക്കറി, ധാന്യങ്ങൾ, കിഴങ്ങു വർഗങ്ങൾ എന്നിവയുണ്ട് ഇവിടെ‌.
 
സുഭിക്ഷ കേരളം പദ്ധതിക്കായി 7.31 കോടി രൂപ നീക്കിവച്ചതിൽ 14.18 ലക്ഷം ഇതിനകം ചെലവഴിച്ചു. ഏപ്രിലിൽ ആരംഭിച്ച പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഭൗതികസൗകര്യം  കൈവരിക്കുകയാണ് ലക്ഷ്യം. വരുംമാസങ്ങളിൽ പദ്ധതി നിർവഹണത്തിന്‌ കൂടുതൽ തുക ചെലവഴിക്കുമെന്ന് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.
 
8.1 ലക്ഷം  പച്ചക്കറി വിത്ത്
വീട്ടുവളപ്പിലെ പച്ചക്കറി കൃഷിക്കായി 8.1 ലക്ഷം പച്ചക്കറി വിത്ത് പായ്‌ക്കറ്റും 8.7 ലക്ഷം തൈകളും വിതരണം ചെയ്‌തു. ഫലവർഗ വിളകൾക്കായി ഒന്നാംഘട്ടം 4.7 ലക്ഷം തൈ നൽകി. സെപ്തംബർ 30 വരെയുള്ള രണ്ടാംഘട്ടത്തിൽ 7.17 ലക്ഷം തൈ വിതരണം ചെയ്യും. അഞ്ചുലക്ഷം തൈ വിതരണം ചെയ്തു. മൊത്തം ഒരു കോടി ഫലവർഗ വിളകളുടെ വിതരണമാണ് ലക്ഷ്യമിടുന്നത്.
 
പ്രവാസികളും കൃഷിയിൽ സജീവം
പ്രവാസികളും യുവജനങ്ങളും ഉൾപ്പടെ നിരവധിപേർ കൃഷിയിൽ സജീവമായി. ജില്ലയിലെ ആറ് അഗ്രോ സർവീസ് സെന്ററുകൾ, 27 കാർഷിക കർമസേനകൾ എന്നിവയും ഒപ്പമുണ്ട്‌. പട്ടാമ്പി, ആലത്തൂർ, പാലക്കാട്, കൊല്ലങ്കോട്, കുഴൽമന്ദം, മണ്ണാർക്കാട്, അഗളി ബ്ലോക്ക് പഞ്ചായത്തുകളിൽ പതിനഞ്ചോളം പ്രവാസികൾ സുഭിക്ഷ കേരളം പദ്ധതിവഴി കൃഷി ചെയ്യുന്നു. അഗളി പഞ്ചായത്തിൽ പ്രവാസികളുടെ കൂട്ടായ്മയും തരിശുനിലത്തിൽ കൃഷിയിറക്കി.ജില്ലയിലെ വിവിധ സന്നദ്ധ, രാഷ്ട്രീയ സംഘടനകൾ വഴി 6.7 ഹെക്ടർ തരിശുനിലത്തിലും കുടുംബശ്രീ 341.55 ഏക്കർ തരിശുഭൂമിയിലും കൃഷിയിറക്കി.
 
41 ഇക്കോ ഷോപ്‌
പദ്ധതിയിലൂടെ ഉൽപ്പാദിപ്പിക്കുന്ന കാർഷികോൽപ്പന്നങ്ങളുടെ സംഭരണത്തിനും വിതരണത്തിനുമായി ജില്ലയിൽ 41 ഇക്കോ ഷോപ്പുകളും 35 ആഴ്‌ചച്ചന്തകളും ഉണ്ട്. ഓൺലൈൻ വിപണനത്തിനുള്ള നടപടി പുരോഗമിക്കുന്നു.
 
മഴമറ കൃഷിയും സജീവം
കാലാവസ്ഥാ വ്യതിയാനത്തിനു വിധേയമാകാത്ത മഴമറ കൃഷിയും വ്യാപകം. 67 യൂണിറ്റുകളിലായി 6,348 മീറ്റർ കൃഷിയിറക്കി. വെണ്ട, പയർ, വഴുതന, മുളക്, തക്കാളി തുടങ്ങിയ പച്ചക്കറികളാണ് പ്രധാനമായുള്ളത്. 
സുഭിക്ഷ കേരളം ഊർജിതമാക്കാൻ ജലസേചന സൗകര്യം മെച്ചപ്പെടുത്താൻ മലമ്പുഴ, കാഞ്ഞിരപ്പുഴ അണക്കെട്ടുകളിൽനിന്ന്‌ ജലവിതരണ ക്രമം തയ്യാറാക്കും. പിഎംകെഎസ്‌വൈ പദ്ധതി പ്രയോജനപ്പെടുത്താനും കൃഷിവകുപ്പിന് നിർദേശം നൽകി. 
 
881 യൂണിറ്റിൽ സംയോജിത കൃഷി 
സംയോജിത കൃഷിക്കായി 881 യൂണിറ്റുകൾ സജ്ജമായി. കാർഷിക വിളകൾക്കൊപ്പം മൃഗപരിപാലനം, കോഴി, മത്സ്യം, താറാവ്, തേനീച്ച എന്നിവയെല്ലാം ഉൾപ്പെടുത്തി കുറഞ്ഞ ഭൂമിയിൽനിന്ന് പരമാവധി ആദായം  ഉറപ്പാക്കുന്നു.
 
മത്സ്യക്കൃഷിയും സജീവം
വീട്ടുവളപ്പിൽ മത്സ്യ കൃഷിക്കായി 42 കുളം നിർമിക്കുന്നു. രണ്ടെണ്ണം പൂർത്തിയായി. ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകൾക്ക് കീഴിൽ പ്രവർത്തനം പുരോഗമിക്കുന്നു.
 

25-Sep-2020