സംസ്ഥാന ഹാർബർ എൻജനിയറിങ് വകുപ്പ് ജില്ലയിൽ രണ്ട് മത്സ്യബന്ധന തുറമുഖ പദ്ധതികളാണ് നടപ്പാക്കുന്നത്
അഡ്മിൻ
മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖം ഒന്നിന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. കേന്ദ്ര മന്ത്രി ഗിരിരാജ് സിങ് വിശിഷ്ടാതിഥിയാകും. മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ അധ്യക്ഷയാകും. കോയിപ്പാടി, ഷിറിയ, ബങ്കര മഞ്ചേശ്വരം മത്സ്യഗ്രാമങ്ങളിലെ പതിനായിരത്തോളം പേർ തുറമുഖത്തിന്റെ ഗുണഭോക്താക്കളാകും.
48.80 കോടിയുടെ പദ്ധതി
മഞ്ചേശ്വരം തുറമുഖ പദ്ധതിയുടെ മൊത്തം ചെലവ് 48.80 കോടി രൂപയാണ്. 75 ശതമാനം കേന്ദ്ര വിഹിതവും 25 ശതമാനം സംസ്ഥാന വിഹിതവുമാണ്. ഇതുവരെ 45.71 കോടി രൂപ ചെലവഴിച്ചു. പൂനെയിലെ കേന്ദ്രസർക്കാർ സ്ഥാപനമായ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസേർച്ച് സ്റ്റേഷൻ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് തുറമുഖം രൂപൽപന ചെയ്തിരിക്കുന്നത്. പുഴകൾ ഒന്നിച്ച് ചേരുന്ന അഴിമുഖത്താണ് പദ്ധതി നടപ്പാക്കിയത്. മുസോടി ഭാഗത്ത് 8.92 ഏക്കറും ഹൊസബെട്ടു ഭാഗത്ത് 2.85 ഏക്കറുമടക്കം 11.77 ഏക്കർ സ്ഥലമാണ് നിർമാണപ്രവർത്തികൾക്കായി ഡ്രഡ്ജിങ് നടത്തിയത്.
മത്സ്യബന്ധനയാനങ്ങൾക്ക് കരയ്ക്കടുപ്പിക്കുന്നതിന് ശാന്തമായ നൗകാശയം ലഭ്യമാക്കുന്നതിനായി യഥാക്രമം 490 മീറ്റർ, 530 മീറ്റർ നീളത്തിൽ പൊഴിയുടെ തെക്കും വടക്കുമായി രണ്ട് പുലിമുട്ടുകൾ നിർമിച്ചിട്ടുണ്ട്. 275 ബോട്ടുകൾ ഉപയോഗിക്കാനുള്ള സൗകര്യമാണ് വിഭാവനം ചെയ്തിട്ടുള്ളത്. യന്ത്രവൽകൃത ബോട്ടുകൾക്കായി 80 മീറ്ററും ചെറുവള്ളങ്ങൾ അടുപ്പിക്കുന്നതിന് 20 മീറ്ററുമുൾപ്പെടെ 100 മീറ്ററിലുള്ള വാർഫും ലേലപ്പുരയും നിർമിച്ചിട്ടുണ്ട്. അപ്രോച്ച് റോഡ്, പാർക്കിങ് ഏരിയ, ഗിയർ ഷെഡ്, നെറ്റ് മെന്റിങ് ഷെഡ്, വർക്ക് ഷോപ്പ്, ഷോപ്പ് ബിൽഡിങ്, റെസ്റ്റ് ഷെഡ്, ടോയ്ലറ്റ് ബ്ലോക്ക്, ജലസംഭരണി, ഗെയ്റ്റ് ഹൗസ്, വൈദ്യുതീകരണം തുടങ്ങിയ പശ്ചാത്തല സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സംസ്ഥാന ഹാർബർ എൻജനിയറിങ് വകുപ്പ് ജില്ലയിൽ രണ്ട് മത്സ്യബന്ധന തുറമുഖ പദ്ധതികളാണ് നടപ്പാക്കുന്നത്. മഞ്ചേശ്വരം തുറമുഖം പൂർത്തീകരിച്ചപ്പോൾ കാസർകോട് മത്സ്യബന്ധന തുറമുഖം പ്രവർത്തനക്ഷമമാക്കുന്നതിനായി പുലിമുട്ടിന്റെ നീളം വർധിപ്പിക്കുന്ന പ്രവർത്തി പുരോഗമിക്കുകയാണ്.