ബെംഗളൂരു കലാപത്തിൽ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതി പട്ടികയില്‍
അഡ്മിൻ
കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ ബന്ധു ഫേസ്ബുക്കില്‍ പോസ്റ്റുചെയ്ത കാര്‍ട്ടൂണ്‍ വിവാദത്തെ തുടര്‍ന്നുണ്ടായ ബെംഗളൂരു കലാപത്തിന്റെ പ്രാഥമിക കുറ്റപത്രത്തില്‍ കോണ്‍ഗ്രസ് നേതാക്കളും. കോണ്‍ഗ്രസ് നേതാവും മുന്‍ നഗരസഭാ മേയറുമായ സമ്പത്ത് രാജ്, സിറ്റിംഗ് കോര്‍പ്പറേറ്റര്‍ സാക്കീര്‍ ഹുസൈന്‍ എന്നിവരെ കലാപത്തില്‍ പ്രതി ചേര്‍ത്തതായി ബെംഗളൂരു ക്രൈംബ്രാഞ്ച് അറിയിച്ചു.
ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം പ്രാദേശിക കോടതിയില്‍ സമര്‍പ്പിച്ച 850 പേജുള്ള കുറ്റപത്രത്തില്‍ സമ്പത്ത് രാജ് 51 ഉം ഹുസൈന്‍ 52ാം പ്രതിയുമാണ്. അതേസമയം കേസില്‍ മറ്റൊരു കോണ്‍ഗ്രസ് നേതാവ് കലീം പാഷയെ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇതില്‍ സമ്പത്ത് രാജ് കലാപത്തിന്റെ ഭാഗമായിട്ടുണ്ട് എന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. അതോടൊപ്പം തന്നെ കലാപം രൂക്ഷമാക്കാന്‍ സമ്പത്ത് രാജ്, അദ്ദേഹത്തിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് അരുണ്‍ കുമാര്‍, സാക്കീര്‍ എന്നിവര്‍ എസ്.ഡി.പി.ഐ നേതാക്കളെ പ്രേരിപ്പിച്ചുവെന്നതിന് മതിയായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് പോലീസ് പറഞ്ഞു..
അന്വേഷണത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 18 ന് സമ്പത്ത് രാജിനെയും ഹുസൈനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഇവര്‍ സഹകരിച്ചിരുന്നില്ല. കലാപത്തില്‍ പ്രതിഷേധക്കാരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു.