പഞ്ചാബിലെ കര്‍ഷകസമരം കുത്തകവിരുദ്ധ സമരമായി മാറുന്നു

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ആരംഭിച്ച പഞ്ചാബിലെ കര്‍ഷകസമരം ഇപ്പോള്‍ കുത്തകവിരുദ്ധ സമരമായി മാറുന്നു. റിലയന്‍സ് അദാനിഗ്രൂപ്പ് സ്ഥാപനങ്ങളും എസ്സാർ ഗ്രൂപ്പിന്റെ പെട്രോൾ പമ്പുകൾ, വാൾമാർട്ട്‌ സ്‌റ്റോറുകൾ, റിലയൻസ്‌ മാളുകൾ എന്നിവയും ബഹിഷ്‌കരിച്ചുകൊണ്ടാണ്കർഷകസംഘടനകളുടെ ബഹിഷ്‌കരണ സമരം ഇപ്പോള്‍ നടക്കുന്നത്.

ഇ കൂട്ടത്തില്‍ കോർപറേറ്റുവക ഷോപ്പിങ്‌ മാളുകള്‍ ശക്തമായ ബഹിഷ്‌കരണമാണ്‌ നേരിടുന്നത്‌. കര്‍ഷകരുടെ സമരത്തെ തുടർന്ന്‌ പഞ്ചാബിൽ റിലയൻസ്‌ പെട്രോൾ പമ്പുകൾ നിശ്‌ചലമാകുന്നു. ജിയോ സിം കാർഡുകൾ വ്യാപകമായി ഒഴിവാക്കുന്നു. കേന്ദ്രം ഭരിക്കുന്ന മോദിസർക്കാരിന്റെ കോർപറേറ്റ്‌ അനുകൂല കാർഷികനിയമങ്ങൾക്ക്‌ എതിരായ പ്രക്ഷോഭത്തിന്റെ ഭാ​ഗമായാണ് റിലയൻസ്‌, അദാനി അടക്കമുള്ള കമ്പനികളുടെ സ്ഥാപനങ്ങളും ഉൽപ്പന്നങ്ങളും ബഹിഷ്‌കരിക്കാൻ കർഷകസംഘടനകൾ ആഹ്വാനം നൽകിയത്‌.‌

നിലവില്‍ പഞ്ചാബിലെ 85 റിലയൻസ്‌ പമ്പിൽ ഭൂരിപക്ഷവും നിശ്ചലമായിരിക്കുകയാണ്‌. പമ്പുകൾക്ക്‌ ‌ മുന്നിൽ ഉപരോധസമരവുമുണ്ട്‌. കർഷകരോട്‌ അനുഭാവം പ്രകടിപ്പിച്ച്‌ വീഡിയോ സന്ദേശമിറക്കി പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുകയാണ്‌ സംസ്ഥാനത്തെ ചില്ലറവ്യാപാരികൾ.

ഭക്ഷ്യധാന്യം ശേഖരിക്കാൻ അദാനി ഗ്രൂപ്പ്‌ മോഗയിൽ തുടങ്ങിയ പദ്ധതിക്കുനേരെ ‘ഗോ ബാക്ക്‌ അദാനി’ എന്ന മുദ്രാവാക്യമാണ്‌ കർഷകർ ഉയർത്തുന്നത്‌.അതേസമയം ജിയോ സിം ഉപേക്ഷിക്കാനുള്ള ആഹ്വാനത്തോട് മികച്ച പ്രതികരണമാണെന്ന്‌ കർഷക നേതാക്കൾ പറഞ്ഞു. കാനഡ, ഇറ്റലി, ഫ്രാൻസ്‌, അമേരിക്ക, ബ്രിട്ടൻ എന്നിവിടങ്ങളിലും കർഷകരുടെ പ്രക്ഷോഭത്തോട്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ റാലികൾ നടന്നു

15-Oct-2020