രാഹുലിന് എതിരായ പ്രസ്താവനയും രമേശ്‌ ചെന്നിത്തലയുടെ ഭാവിയും

ഒരിക്കല്‍ എങ്കിലും കേരളത്തിന്റെ മുഖ്യമന്ത്രിയാവുക എന്നത് രമേശ്‌ ചെന്നിത്തലയുടെ ഏറ്റവും വലിയ സ്വപ്നമാണ്. അതിന് ഇത്തവണ സാധിച്ചില്ല എങ്കില്‍ ഇനി ഒരിക്കലും ആ സ്വപ്നം സാധ്യമാകില്ലെന്നും ചെന്നിത്തലയ്ക്ക് ശരിക്കും അറിയാം. അതിനാല്‍ തന്നെയാണ് ആരുമായി സഖ്യമുണ്ടാക്കിയായാലും അധികാരം പിടിക്കണമെന്ന നിലപാടില്‍ അദ്ദേഹം ഇപ്പോള്‍ മുന്നോട്ട് പോകുന്നത്.

എല്‍.ഡി.എഫ് സര്‍ക്കാറിനെതിരെ ഓരോ ദിവസവും ആരോപണങ്ങള്‍ ഉന്നയിക്കുന്നത് തന്നെ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നതിനു വേണ്ടി മാത്രമാണ്. പാര്‍ട്ടിയുടെ ഉള്ളിലെ ഉമ്മന്‍ ചാണ്ടിയുമായുള്ള അധികാര തര്‍ക്കത്തില്‍ മാധ്യമങ്ങളിലെ മേധാവിത്വമാണ് ചെന്നിത്തല ഇതുവഴി ആഗ്രഹിക്കുന്നത്.അതിനാല്‍ തന്നെ പിണറായി സര്‍ക്കാര്‍ ചെയ്യുന്ന എല്ലാ നടപടിയും ചെന്നിത്തലയുടെ കണ്ണില്‍ തെറ്റാണ്.

മാത്രമല്ല, തന്റെ വിഡ്ഢി പ്രസ്താവനകള്‍ മാത്രമാണ് ശരിയെന്നതാണ് അദ്ദേഹത്തിന്റെ വാദം. ആരാണെങ്കില്‍ പോലും പിണറായി സര്‍ക്കാറിനെ അഭിനന്ദിച്ചാല്‍ എതിര്‍ക്കാന്‍ ആ നിമിഷം തന്നെ ചെന്നിത്തല ചാടി വീഴും. അതിന്റെ ഭാഗമായാണ് രാഹുല്‍ ഗാന്ധിക്കെതിരെ പോലും ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നതും . രാഹുല്‍ ഗാന്ധി പ്രാദേശിക വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധി അഭിപ്രായം പറയേണ്ടതില്ലെന്നാണ് ചെന്നിത്തല ഇന്നലെ തുറന്നടിച്ചിരിക്കുന്നത്. കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചതാണ് ചെന്നിത്തലയെ അത്രയധികം ചൊടിപ്പിച്ചിരിക്കുന്നത്.

എന്തെങ്കിലും ജാഗ്രത കുറവ് കേരളത്തില്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് ചെന്നിത്തല ഉള്‍പ്പെടെയുള്ളവരും കുറ്റക്കാരാണ്. കോവിഡ് മാനദണ്ഡങ്ങള്‍ തെറ്റിച്ച് പ്രക്ഷോഭം നടത്തിയത് പ്രതിപക്ഷ സംഘടനകളാണ്. അതിന് നേതൃത്വം നല്‍കിയവരില്‍ പ്രമുഖനാണ് ചെന്നിത്തല. വൈറസുകള്‍ക്ക് ചുവപ്പ് പരവതാനി വിരിക്കുന്ന ഏര്‍പ്പാടായിരുന്നു ആ സമരങ്ങള്‍. എന്നിട്ടും മരണ നിരക്കില്‍ ഉള്‍പ്പെടെ നിയന്ത്രണം കൊണ്ടു വരാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് സര്‍ക്കാറിന്റെ മിടുക്ക് ഒന്നു കൊണ്ട് മാത്രമാണ് എന്നതാണ് സത്യം.

എന്നാല്‍ കേരളത്തില്‍ ഇനി നേതാവായിരിക്കാന്‍ ഒരുപക്ഷെ രാഹുലിന്റെ സര്‍ട്ടിഫിക്കറ്റ് ചെന്നിത്തലക്ക് ഇനി വേണ്ടി വരും. ചെന്നിത്തല പറഞ്ഞതുപോലെ ഡല്‍ഹിയിലെ കാര്യം രാഹുല്‍ ‘നോക്കിയാല്‍’ ചെന്നിത്തലയുടെ ഉള്ള സ്ഥാനവും തെറിക്കാനാണ് സാധ്യത. ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതിയില്‍ ഇടം നല്‍കാത്തതിലുള്ള നിരാശ കൂടിയാണ് ചെന്നിത്തല, വിവാദ പ്രതികരണത്തിലൂടെ തീര്‍ത്തിരിക്കുന്നത്.

പാര്‍ട്ടിയില്‍ തന്റെ ശിഷ്യനായ കെ.സി വേണുഗോപാലിന് കീഴില്‍ പാര്‍ട്ടിയില്‍ ഇരിക്കേണ്ടി വരുന്നത് ചെന്നിത്തലയെ ശരിക്കും മടുപ്പിക്കുന്നുണ്ട്. കെ.സിക്കു പുറമെ എ.കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും മാത്രമാണ് കേരളത്തില്‍ നിന്നും കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതിയിലുള്ളത്. കേരളത്തില്‍ തന്റെ മുഖ്യമന്ത്രി മോഹത്തിന് ഈ ‘കുറവ്’ അയോഗ്യതയാകുമോ എന്ന ഭയവും ചെന്നിത്തലക്കുണ്ട്. എന്തൊക്കെയായാലും ‘വിനാശകാലേ വിപരീത ബുദ്ധി’ എന്നാണ് ഈ പ്രതികരണത്തെ കോണ്‍ഗ്രസ്സ് നേതാക്കള്‍ തന്നെ നിലവില്‍ വിലയിരുത്തുന്നത്.

23-Oct-2020