സോളാര്‍ കേസ്: മൊഴി മാറ്റാൻ വൻതുക കിട്ടിയെന്നത് കളവ്: സരിത
അഡ്മിൻ
ഒരേസമയം കേരളവും ദേശീയ രാഷ്ട്രീയവും ചര്‍ച്ച ചെയ്ത സോളാർ കേസിൽ താൻ രാഷ്ട്രീയ ആയുധമാക്കപ്പെട്ടോയെന്ന് സംശയിക്കുന്നതായി സരിത എസ് നായർ. സോളാറുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസുകളൊതുക്കാൻ യുഡിഎഫ് നൽകിയത് അഞ്ച് ലക്ഷം മാത്രമായിരുന്നെന്നും തൻറെ പേരിൽ പലരും പണം വാങ്ങിയിട്ടുണ്ടാകാമെന്നും സരിത പറഞ്ഞു.
ഒടുവില്‍ സ്ഥലം വിറ്റാണ് നിക്ഷേപകരിൽ ചിലരുടെ പണം തിരിച്ചുനൽകിയതെന്നും സരിത ഇന്ന് മലയാളത്തിലെ ഒരു ചാനലിനോട് സംസാരിക്കവേ പറഞ്ഞു. നിലവില്‍ പവർ കൺസൽട്ടൻറായും പേപ്പർ കപ്പ് യൂണിറ്റ് നടത്തിയും ഒരു വർഷത്തോളമായി ജീവിതം ഇപ്പോൾ നാഗർകോവിലിലാണ്. സോളാര്‍ തട്ടിപ്പ് കേസ് മറയ്ക്കാൻ പീഡനപരാതി ഉയർത്തിയെന്ന ആക്ഷേപം ശരിയല്ല എന്നും സരിത പറയുന്നു.
ജയിലിൽ കഴിയവേ താന്‍ അവിടെ നിന്നെഴുതിയ കത്തിൽ പറഞ്ഞതെല്ലാം സത്യമാണ്. കേസില്‍ മൊഴി മാറ്റാൻ വൻതുക കിട്ടിയെന്നത് കളവാണ്. എന്നാല്‍ തൻറെ മൊഴിവെച്ച് ആരെങ്കിലും പണമുണ്ടാക്കിയോ എന്നതിനെക്കുറിച്ച് തനിക്ക് വ്യക്തതയില്ല എന്നും സരിത പറയുന്നു.
ഈ കാര്യങ്ങള്‍ എല്ലാം തന്നെ ശിവരാജൻ കമ്മീഷനോടും അന്വേഷണ ഉദ്യോഗസ്ഥരോടും പറഞ്ഞിട്ടും കേസുകൾ നീളുന്നതിൻറെ കാരണം അറിയില്ലെന്നും ടീം സോളാർ പൊളിയാൻ കാരണം നിക്ഷേപകരുടെ പണം ബിജുരാധാകൃഷ്ണൻ കൊണ്ടുപോയതാണെന്നും സരിത പറഞ്ഞു.