മുന്നാക്ക സംവരണത്തില്‍ യു.ഡി.എഫ് നയം ഇരട്ടത്താപ്പ്: ജോസ് കെ. മാണി

രാജ്യത്ത് മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ ബില്ലിനെ പാര്‍ലമെന്‍റില്‍ പിന്തുണച്ച കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ കേരളത്തില്‍ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി.

രാജ്യത്തിന്റെ പാര്‍ലമെന്‍റ് പാസാക്കിയ ഭരണഘടനാ ഭേദഗതിയുടെ അടിസ്ഥാനത്തിൽ സംവരണം ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് വലിയ സ്വീകാര്യതയാണ് പൊതു സമൂഹത്തില്‍ നിന്നും ഉണ്ടായിട്ടുള്ളതെന്നും ഈ തീരുമാനത്തെ പിന്തുണക്കുന്നവരെ ഒറ്റപ്പെടുത്തി ആക്രമിക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്ത് സാമ്പത്തിക സംവരണം നടപ്പിലാക്കണമെന്നത് ആരംഭകാലം മുതല്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങളില്‍ ഒന്നായിരുന്നുവെന്നും ജോസ് അഭിപ്രായപ്പെട്ടു. നിലവില്‍ സംവരണം ലഭിക്കുന്ന ഒരു വിഭാഗത്തിന്‍റെയും അവകാശങ്ങളെ ഇത് ഹനിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. നിലവില്‍ സംവരണം ലഭിക്കുന്നവരില്‍ നിന്നല്ല പുതിയ സംവരണം സൃഷ്ടിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം എല്ലാ മേഖലയിലും പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താന്‍ പാര്‍ലമെന്‍റില്‍ കൂടുതല്‍ നിയമഭേദഗതികള്‍ അനിവാര്യമാണെന്നും ജോസ് കെ. മാണി പറഞ്ഞു.

29-Oct-2020