വയനാട്ടില്‍ തന്റെ നാമനിർദേശ പത്രിക തളളിയത് ചോദ്യം ചെയ്ത് സരിതാ എസ്. നായര്‍
അഡ്മിൻ
കോണ്‍ഗ്രസ്നേതാവ് രാഹുൽഗാന്ധി മത്സരിച്ച് ജയിച്ച വയനാട് മണ്ഡലത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.വിവാദമായ സോളാർ കേസ് പ്രതി സരിത എസ് നായരാണ് ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നല്കിയ തന്റെ നാമനിർദേശ പത്രിക തളളിയനടപടിയെ ചോദ്യം ചെയ്തായിരുന്നു സരിതയുടെ ഹർജി. സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡേ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. വയനാട് മണ്ഡലത്തിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് സരിതയുടെ ആവശ്യം. ഇതേ ആവശ്യമുന്നയിച്ച് സരിത ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി നേരത്തെ തളളിയിരുന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാൻ സരിത നൽകിയ നാമനിർദ്ദേശ പത്രിക തളളിയിരുന്നു. സോളാർ കേസിൽ സരിതയെ കോടതി ശിക്ഷിച്ച സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു പത്രിക തളളിയത്. അതേസമയം രാഹുലിനെതിരെ മത്സരിക്കാൻ അമേഠി മണ്ഡലത്തിൽ നൽകിയ പത്രിക വരണാധികാരി സ്വീകരിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ വയനാട്ടിലെ പത്രിക തളളിയ നടപടിയിൽ വരണാധികാരിയുടെ ഭാഗത്ത് പിഴവുണ്ടായെന്നും ഈതെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമാണ് സരിതയുടെ ആവശ്യം.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹർജിയായതിനാൽ സുപ്രീംകോടതി രാഹുൽ ഗാന്ധിക്ക് കൂടി നോട്ടീസ് അയച്ചേക്കും. 4,31,770 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വയനാട് മണ്ഡലത്തിൽ രാഹുൽ വിജയിച്ചത്.