ഭക്ഷ്യക്കിറ്റ് വിതരണം: കെ. ടി ജലീലിനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ്

യു.എ.ഇ കോണ്‍സുലേറ്റ് വഴി നല്‍കിയഭക്ഷ്യകിറ്റ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയില്ലാതെ വിതരണം ചെയ്തുവെന്ന മന്ത്രി കെ. ടി ജലീലിനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ്.
ഹര്‍ജിയിലെ ആരോപണങ്ങള്‍ കേട്ടുകേള്‍വി മാത്രമെന്നും വാദം കേള്‍ക്കവെ വിജിലന്‍സിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

ഭക്ഷ്യകിറ്റ് അനുമതിയില്ലാതെ മന്ത്രി കെ. ടി ജലീല്‍ വിതരണം ചെയ്തതില്‍ അഴിമതിയുണ്ടെന്നും അതില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കൊല്ലം സ്വദേശിയായ പൊതു പ്രവര്‍ത്തകനാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. ഇതിനെ തുടര്‍ന്ന് വിഷയത്തില്‍ വിജിലന്‍സിനോട് സത്യവാങ്മൂലം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.

അതിന് ശേഷം നടന്ന വാദം കേള്‍ക്കലിലാണ് കെ. ടി ജലീലിനെതിരായ കേസ് നിലനില്‍ക്കുന്നതല്ലെന്ന് വിജിലന്‍സ് കോടതിയില്‍ പറഞ്ഞത്. പരാതിക്കാരന്‍ ഉന്നയിച്ച ആരോപണങ്ങള്‍ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാണെന്നും അവയൊന്നും തന്നെ അഴിമതി നിരോധന വകുപ്പിന്റെ കീഴില്‍ വരുന്നതല്ലെന്നുമാണ് വിജിലന്‍സിന് വേണ്ടി വാദിച്ച പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞത്.

02-Nov-2020