വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഒരു രൂപയുടെ പോലും അഴിമതി ഇല്ലാതെ: മന്ത്രി ജി. സുധാകരന്
അഡ്മിൻ
ഒരു രൂപയുടെ പോലും അഴിമതി ഇല്ലാതെയാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് പൊതുമരാമത്ത് - രജിസ്ട്രേഷന് വകുപ്പ് മന്ത്രി ജി. സുധാകരന്. രാഷ്ട്രീയ കാരണങ്ങള്‍ പറഞ്ഞ് ഒരു പദ്ധതി പോലും നടത്താതിരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അമ്പലപ്പുഴ -തിരുവല്ല റോഡിന്റെ രണ്ടാംഘട്ടമായ പൊടിയാടി -തിരുവല്ല റോഡിന്റെ നിര്‍മാണപ്രവര്‍ത്തികളുടെ ഉദ്ഘാടനം പൊടിയാടിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പതിറ്റാണ്ടുകള്‍ കൊണ്ട് നടത്താതിരുന്ന വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലേറി 53 മാസങ്ങള്‍ പിന്നിടുമ്പോള്‍ ചെയ്തു തീര്‍ക്കുന്നത്. എല്ലാവരെയും ഒരുപോലെ കണ്ട് എല്ലാ ന്യായമായ അവകാശങ്ങളും ആവശ്യങ്ങളും പരിഹരിച്ചും പരിഗണിച്ചുമാണ് മുന്നോട്ട് പോകുന്നത്. തിരുവല്ല നിയോജകമണ്ഡലത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വി ഇല്ലാത്ത വികസനമാണ് അഡ്വ. മാത്യു. ടി തോമസ് എംഎല്‍എയും പൊതുമരാമത്ത് വകുപ്പും ചേര്‍ന്ന് നടത്തുന്നത്.
അമ്പലപ്പുഴ, കുട്ടനാട്, തിരുവല്ല നിയോജക മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന അമ്പലപ്പുഴ - തിരുവല്ല റോഡ് കേരളത്തിന് അഭിമാനകരമായ മരാമത്ത് നിര്‍മാണങ്ങളില്‍ ഒന്നായി മാറും. എല്ലായിടത്തും വലിയ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. കുട്ടനാട്ടില്‍ ഒരു കാലത്തും നടപ്പാക്കാത്ത പദ്ധതികളാണ് ഈ സംസ്ഥാന സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം നടത്തുന്നത്. കഴിഞ്ഞ കാലത്തെ ഭരണനടപടികള്‍ മൂലം മുടങ്ങി കിടന്ന പദ്ധതികളെല്ലാം ഇപ്പോള്‍ ശരിയാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.
മികച്ച രീതിയിലുള്ള പൊതുമരാമത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് തിരുവല്ല നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച അഡ്വ. മാത്യു.ടി.തോമസ് എംഎല്‍എ പറഞ്ഞു. കാവുംഭാഗം-ഇടിഞ്ഞില്ലം റോഡിന്റെ പണികള്‍ പുരോഗമിക്കുകയാണ്. കാവുംഭാഗം - മുത്തൂര്‍ റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി. കാവുംഭാഗം- തുകലശേരി റോഡിന്റെ പണികള്‍ ഉടന്‍ ആരംഭിക്കും. ഇത്തരത്തില്‍ നിരവധിയായ നിര്‍മാണങ്ങളാണ് തിരുവല്ല മണ്ഡലത്തില്‍ നടത്തുന്നത്. പനച്ചിമൂട്ടില്കടവ് പാലത്തിന്റെയും ഓട്ടാഫീസ്കടവ് പാലത്തിന്റെയും ഉദ്ഘാടനം നവംബര്‍ നാലിന് നടക്കുമെന്നും എംഎല്‍എ പറഞ്ഞു.
കിഫ്ബി പ്രവൃത്തികളുടെ സംസ്ഥാനത്തെ ആദ്യത്തെ സംരംഭമായ അമ്പലപ്പുഴ -തിരുവല്ല റോഡിന്റെ അമ്പലപ്പുഴ -പൊടിയാടി വരെയുള്ള 22.5 കിലോമീറ്റര്‍ റോഡിന്റെ പ്രവര്‍ത്തികള്‍ അതിനൂതനമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് പൂര്‍ത്തീകരിച്ചിരുന്നു. 2018 ലെ പ്രളയ കാലത്ത് ജനങ്ങള്‍ക്ക് ഈ റോഡ് വളരെ ഉപകാരപ്രദമാകുകയും ചെയ്തു. ഒന്നാം ഘട്ടത്തിന്റെ അതേ നിലവാരത്തിലുള്ള രണ്ടാംഘട്ട നിര്‍മാണപ്രവര്‍ത്തികളാണ് ആരംഭിക്കുക. റബ്ബര്‍, പ്ലാസ്റ്റിക്, കയര്‍ ഭൂവസ്ത്രം, കോണ്‍ക്രീറ്റ് ഡക്ടുകള്‍, കാല്‍നട യാത്രക്കാര്‍ക്കു വേണ്ടിയുള്ള സംവിധാനം, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ ഉള്‍പ്പെടെയാകും രണ്ടാംഘട്ടവും പൂര്‍ത്തീകരിക്കുക. 77.36 കോടി രൂപ വിനിയോഗിച്ചാണ് രണ്ടാംഘട്ട നിര്‍മാണം നടത്തുന്നത്.
02-Nov-2020
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ