ഭിന്നശേഷിക്കാര്‍ക്ക് 1000 ഹിയറിംഗ് എയ്ഡ് നിര്‍മ്മിച്ച് നല്‍കി കെല്‍ട്രോണ്‍

ഭിന്നശേഷിക്കാര്‍ക്കായി 1000 ഹിയറിംഗ് എയ്ഡ് നിര്‍മ്മിച്ചു നല്‍കി പൊതുമേഖലാ വ്യവസായ സ്ഥാപനം കെല്‍ട്രോണ്‍. സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്റെ ശ്രവണ സഹായ ഉപകരണം വിതരണ പദ്ധതിയ്ക്കായാണ് ഹിയറിംഗ് എയ്ഡുകള്‍ നല്‍കിയത്. കോഴിക്കോട് മൂടാടി യൂണിറ്റിലാണ് 'ശ്രവണ്‍' എന്ന പേരില്‍ കെല്‍ട്രോണ്‍ സ്വന്തമായി ഡിജിറ്റല്‍ ഹിയറിംഗ് എയ്ഡുകള്‍ നിര്‍മ്മിക്കുന്നത്.

പ്രത്യേകമായി ഒരുക്കിയ സര്‍ഫേസ് മൗണ്ട് ടെക്നോളജി മെഷീന്‍, ഇ എസ് ഡി പ്രൊഡക്ഷന്‍ പ്ലാന്റിലാണ് അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ പ്രോഗ്രാമബിള്‍ ഹിയറിംഗ് എയ്ഡുകളുടെ നിര്‍മ്മാണം. പ്രത്യേക പരിശീലനം നേടിയ കെല്‍ട്രോണിന്റെ വിദഗ്ദ്ധ തെഴിലാളികളാണ് നിര്‍മ്മാണം നടത്തിയത്. 2018ല്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ശ്രവണിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

തദ്ദേശ വകുപ്പ്, സമഗ്ര ശിക്ഷ കേരള തുടങ്ങി വിവിധ വകുപ്പുകള്‍ വഴി അയ്യായിരത്തില്‍പരം ഹിയറിങ്ങ് എയ്ഡുകള്‍ കെല്‍ട്രോണ്‍ ഇതിനോടകം വിതരണം ചെയ്തു. പൊതുജനങ്ങള്‍ക് കെല്‍ട്രോണിന്റെ തിരുവനന്തപുരം, കോഴിക്കോട് യുണിറ്റുകള്‍ വഴിയും മെഡിക്കല്‍ കോളേജുകള്‍, തിരഞ്ഞെടുത്ത ജനറല്‍ ആശുപത്രികള്‍ എന്നിവ വഴിയും വളരെ കുറഞ്ഞ നിരക്കില്‍ ശ്രവണ സഹായി ലഭ്യമാണ്.

അടുത്ത ഘട്ടത്തില്‍ സാങ്കേതികമായി കൂടുതല്‍ മികച്ച മോഡലില്‍ ഹിയറിങ്ങ് എയ്ഡുകള്‍ നിര്‍മ്മിക്കാന്‍ തയ്യാറെടുക്കുകയാണ് കെല്‍ട്രോണ്‍ മൂടാടി യുണിറ്റ്. സാങ്കേതികവിദ്യയില്‍ സി ഡാക് ആണ് കെല്‍ട്രോണിന്റെ പങ്കാളി.

02-Nov-2020