കേന്ദ്ര ഏജൻസികളുടേത് സ്വാഭാവിക അന്വേഷണമെന്ന് കരുതാനാകില്ല: മുഖ്യമന്ത്രി

കേരളാ സര്‍ക്കാര്‍ നടപ്പാക്കിയ വികസന പദ്ധതികളെ താറടിച്ച് കാട്ടാനും അവയെ അട്ടിമറിക്കാനാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര അന്വേഷണ ഏജൻസികൾ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുകയാണെന്നും സർക്കാരിന്റെ അവകാശങ്ങളെ ഇരുട്ടിൽ നിർത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സർക്കാരിന്റെ ലൈഫ് പദ്ധതിയെ കേന്ദ്ര ഏജൻസികൾ വഴി താറടിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഈ ഇടപെടലുകളെ സ്വാഭാവികം എന്ന നിലയിൽ കാണാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരുടെ മനോവീര്യം തകർത്ത് സംസ്ഥാനത്തിന്റെ പദ്ധതികളെ തകർക്കുക എന്ന ഗൂഢലക്ഷ്യം രാഷ്ട്രീയ പ്രതിയോഗികൾക്ക് ആകാം. പക്ഷെ അത് അന്വേഷണ ഏജൻസികൾക്ക് ആകാമോ എന്നതാണ് നമ്മുക്ക് മുന്നിലുള്ള മർമ്മ പ്രധാനമായ ചോദ്യം.

ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുകയും രാഷ്ട്രീയ നേതൃത്വത്തെ കരിവാരി തേയ്ക്കുകയും ചെയ്യുന്ന കൃത്യമല്ല അന്വേഷണ ഏജൻസികൾ ചെയ്യേണ്ടത്. സത്യവാചകം ചൊല്ലി ഒരാൾ നൽകുന്ന മൊഴി എങ്ങനെയാണ് ഇത്രയധികം മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്?' മുഖ്യമന്ത്രി ചോദിച്ചു.
സംസ്ഥാന സർക്കാരിനെ കുറ്റവാളി എന്ന നിലയിലാണ് കേന്ദ്ര ഏജൻസികൾ കാണുന്നത്. ഏജൻസികൾ അടിസ്ഥാന അന്വേഷണ തത്വങ്ങളിൽ നിന്നും വ്യതിചലിക്കുകയാണ് എന്നും സെലക്ടീവായാണ് ഏജൻസികളിൽ നിന്നും വിവരങ്ങൾ ചോരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വർണക്കടത്ത് സംഭവത്തിലാണ് അന്വേഷണം ആരംഭിച്ചതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

അന്വേഷണം നിഷ്പക്ഷമാണെന്ന് കരുതാനാവില്ല എന്നും സർക്കാരിന്റെ നേട്ടങ്ങളെ തകർക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജൻസികളുടേത് സ്വാഭാവിക അന്വേഷണമെന്ന് കരുതാനാകില്ല. നിരുത്തരവാദ സമീപനമാണ് ഏജൻസികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഏജൻസികളെ കുറ്റപ്പെടുത്തുന്നില്ല. എന്നാൽ ഭരണഘടനയുടെ അന്തഃസത്ത ലംഘിക്കപ്പെടുകയാണ്. സമഗ്രവും ഏകോപിതവുമായ അന്വേഷണം വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടത് സർക്കാരാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

02-Nov-2020