തദ്ദേശതെരഞ്ഞെടുപ്പ്: സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും സ്ഥലമാറ്റം നിരോധിച്ച് ഉത്തരവായി
അഡ്മിൻ
തദ്ദേശ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സ്ഥലമാറ്റത്തിന് നവംബർ 2 മുതൽ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെ വിലക്ക് ഏർപ്പെടുത്തുന്നതിന് ചീഫ് സെക്രട്ടറിക്കും മറ്റ് വകുപ്പ് തലവൻമാർക്കും നിർദ്ദേശം നൽകിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു.
സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും, നിയമാനുസൃതബോർഡുകളിലെയും മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സ്ഥലമാറ്റത്തിനാണ് നവംബർ 2 മുതൽ നിരോധനം ഏർപ്പെടുത്തി കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.
തദ്ദേശതിരഞ്ഞെടുപ്പിന്റെ ഭാഗമായുളള പ്രവർത്തനങ്ങൾക്ക് വിവിധ വകുപ്പുകളിൽ നിന്നും ഉദേ്യാഗസ്ഥരെ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരായും വരണാധികാരികളായും ഉപവരണാധികാരികളായും കമ്മീഷൻ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വോട്ടെടുപ്പ് വോട്ടെണ്ണൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിനുളള നടപടികളും പുരോഗമിച്ച് വരുകയാണ്. ജീവനക്കാരുടെ സ്ഥലമാറ്റം തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് തടസ്സമുണ്ടാക്കുമെന്നതിനാലാണ് സ്ഥലമാറ്റത്തിന് തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെ നിരോധനം ഏർപ്പെടുത്തിയത്.