കേരളാ ബി.ജെ.പിയിലെ തര്‍ക്കം; ഇടപെടാതെ കേന്ദ്ര നേതൃത്വം

ബി.ജെ.പിയുടെ കേരളാ ഘടകത്തില്‍ വര്‍ദ്ധിച്ച് വരുന്ന ഭിന്നതയിലും തര്‍ക്കങ്ങളിലും ഇടപെടില്ലെന്ന് കേന്ദ്ര നേതൃത്വം. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞേ സംസ്ഥാനത്ത് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന തര്‍ക്കത്തില്‍ ഇടപെടുകയുള്ളു എന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. കേരളത്തില്‍ ബി.ജെ.പിക്കെതിരെയും അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെയും പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ട് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഇപ്പോള്‍ വൈസ് പ്രസിഡന്റുമായ ശോഭാ സുരേന്ദ്രന്‍, മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ അംഗവുമായ പി. എം വേലായുധന്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു.

രാജ്യറെവിവിധ സംസ്ഥാന ഘടകങ്ങളെ പുനസംഘടിപ്പിക്കുന്ന ഘട്ടത്തില്‍ യുവാക്കള്‍ക്ക് മുന്‍ഗണന നല്‍കുക, തുടര്‍ച്ചയായി ഭാരവാഹികളാകുന്നവരേക്കാള്‍ അല്ലാത്തവര്‍ക്ക് പരിഗണന നല്‍കുക, നിരവധി ഭാരവാഹികളായ എഴുപത് വയസ് കഴിഞ്ഞവരെ ഒഴിവാക്കുക തുടങ്ങി ചില നിര്‍ദേശങ്ങള്‍ കേന്ദ്രം മുന്നോട്ട് വെച്ചിരുന്നു.

സംഘടനയിലര്‍ഹമായ സ്ഥാനം കിട്ടിയില്ലെന്ന പരാതികളുയരുമ്പോള്‍ ഈ നിര്‍ദേശങ്ങള്‍ക്കെതിരാവും എന്നതും കേന്ദ്രം ഉടന്‍ വിഷയത്തില്‍ ഇടപെടാതിരിക്കുന്നതിനുള്ള കാരണമാവുമെന്നാണ് സൂചനകള്‍. ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടിക്കെതിരെയും കെ സുരേന്ദ്രനെതിരെയും ശക്തമായ വിയോജിപ്പുമായി രംഗത്ത് വന്നതിന് പിന്നാലെയാണ് ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗമായ പി. എം വേലായുധനും അതൃപ്തി രേഖപ്പെടുത്തി രംഗത്തെത്തിയത്.

03-Nov-2020