രക്ഷിക്കാന്‍ ലീഗ് ഇല്ല; എംസി കമറുദീൻ ഒറ്റപ്പെടുന്നു

കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയും ലീഗ് നേതാവുമായ എം.സി കമറുദീൻ പ്രതിയായ ജ്വല്ലറി സാമ്പത്തിക തട്ടിപ്പ് കേസിലെ മധ്യസ്ഥ ശ്രമങ്ങളില്‍ നിന്നും മുസ്‌ലിം ലീഗ് നേതൃത്വം പിന്‍മാറുന്നു. ഫാഷന്‍ ഗോള്‍ഡ്‌ ജ്വല്ലറിയുമായി ബന്ധപ്പെട്ട തട്ടിപ്പിന് ഇരയായ നിക്ഷേപകര്‍ക്ക് ആസ്തി വിറ്റ് പണം നല്‍കാനാവില്ലെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി ഇപ്പോള്‍ പിന്നോട്ട് പോവുന്നത്.

കേസ് ഇല്ലാതാക്കാന്‍ പാര്‍ട്ടി നിയോഗിച്ച മധ്യസ്ഥന്‍ കല്ലട്ര മായിന്‍ ഹാജി ലീഗ് നേതൃത്വത്തിന് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് ഇപ്പോഴത്തെ പിന്മാറ്റ നീക്കമെന്നാണ് റിപ്പോര്‍ട്ട്. ജ്വല്ലറി തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ജ്വല്ലറിയുടെ ആസ്തികള്‍ കണ്ടുകെട്ടുന്ന നടപടികളിലേക്ക് നീങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നിക്ഷേപകര്‍ക്ക് ഇവ വിറ്റ് പണം നല്‍കാനാവില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പിന്‍മാറ്റ തീരുമാനം. അതുകൊണ്ടുതന്നെ നിലവിലെ സാഹചര്യത്തില്‍ കമറുദ്ദീന്‍ ഒറ്റക്ക് ഉത്തരവാദിത്തം ഏറ്റെടുക്കട്ടെ എന്നാണ് ലീഗ് നിയോഗിച്ച മധ്യസ്ഥന്‍ സംസ്ഥാന നേതൃത്വത്തിന് നല്‍കിയ റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ

വിവാദം ഉണ്ടായപ്പോള്‍ ആറുമാസത്തെ സമയമാണ് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ കമറുദ്ദീന് ലീഗ് നേതൃത്വം അനുവദിച്ചിരുന്നത്. ആ സമയം തന്നെ ഭൂമിയും കെട്ടിടങ്ങളും വാഹനങ്ങള്‍ ഉള്‍പ്പെടെ രഹസ്യമായി വില്‍പ്പന നടത്തിയെന്നാണ് കണ്ടെത്തല്‍. അതുകൊണ്ടുതന്നെ ആസ്തി വിറ്റ് നിക്ഷേപകര്‍ക്ക് പണം കൈമാറാനാവില്ല. മാത്രമല്ല, ഫാഷന്‍ ഗോള്‍ഡിന്റെ ആസ്തി സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും അന്വേഷണസംഘം ഏറ്റെടുക്കുകയും ചെയ്തിരുന്നു

03-Nov-2020