2019ലെ ജെ.സി ഡാനിയേല്‍ പുരസ്കാരം സംവിധായകന്‍ ഹരിഹരന്

മലയാള ചലച്ചിത്രരംഗത്തിന് നൽകിയ സമഗ്ര സംഭാവനക്കുള്ള 2019ലെ ജെ.സി ഡാനിയേല്‍ പുരസ്കാരത്തിന് സംവിധായകന്‍ ഹരിഹരനെ തെരഞ്ഞെടുത്തതായി കേരളാ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ അറിയിച്ചു.

അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് സംസ്ഥാന സര്‍ക്കാറിന്‍റെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ജെ. സി ഡാനിയേല്‍ അവാര്‍ഡ്. എം.ടി വാസുദേവന്‍ നായര്‍ ചെയര്‍മാനും സംവിധായകന്‍ ഹരികുമാര്‍, നടി വിധുബാല, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

കഴിഞ്ഞ അരനൂറ്റാണ്ടിലധികമായി ചലച്ചിത്ര രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന ഹരിഹരന്‍, മലയാള സിനിമയുടെ കലാപരവും ഭാവുകത്വപരവുമായ പരിവര്‍ത്തനങ്ങള്‍ക്ക് ഒപ്പം സഞ്ചരിക്കുകയും ചലച്ചിത്ര ചരിത്രത്തിലെ നാഴികക്കല്ലുകളായ സിനിമകള്‍ സമ്മാനിക്കുകയും ചെയ്തുവെന്ന് സമിതി വിലയിരുത്തി.

നേരത്തേ ഒരു ലക്ഷം രൂപയായിരുന്ന സമ്മാനത്തുക ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അഞ്ചു ലക്ഷമായി ഉയര്‍ത്തിയിരുന്നു. 2016ല്‍ അടൂര്‍ ഗോപാല കൃഷ്ണനും 2017ല്‍ ശ്രീകുമാരന്‍ തമ്പിക്കും 2018 ല്‍ ഷീലക്കുമാണ് ജെ.സി ഡാനിയേല്‍ പുരസ്കാരം ലഭിച്ചത്.

03-Nov-2020