ആദ്യഘട്ട വിതരണം പ്രീ പ്രൈമറി, പ്രൈമറി വിഭാഗം കുട്ടികള്‍ക്ക്

സംസ്ഥാന സര്‍ക്കാരിന്റെ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ കുട്ടികള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന ഭക്ഷ്യ കിറ്റുകളുടെ വിതരണം തുടങ്ങി. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ഭക്ഷ്യഭദ്രതാ അലവന്‍സ് എന്ന നിലയിലാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്.

പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ പ്രീ പ്രൈമറി, പ്രൈമറി വിഭാഗം (ഒന്ന് മുതല്‍ അഞ്ചാം ക്ലാസ് വരെ) കുട്ടികള്‍ക്കാണ് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യുന്നത്. തുടര്‍ന്ന് അപ്പര്‍ പ്രൈമറി വിദ്യാര്‍ഥികള്‍ക്കുള്ള (ആറ് മുതല്‍ എട്ട് വരെ) കിറ്റുകള്‍ വിതരണം ചെയ്യും.

ധാന്യവും എട്ടിന ഭക്ഷ്യ വസ്തുക്കളുമാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രീ പ്രൈമറി, പ്രൈമറി വിഭാഗങ്ങള്‍ക്കുള്ള കിറ്റില്‍ യഥാക്രമം രണ്ട് കിലോ, ഏഴ് കിലോ ധാന്യവും (അരി) 308.14 രൂപയ്ക്കുള്ള ഭക്ഷ്യ വസ്തുക്കളുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അപ്പര്‍ പ്രൈമറി വിഭാഗക്കാര്‍ക്ക് നല്‍കുന്ന കിറ്റില്‍ 10 കിലോ ധാന്യവും 461.90 രൂപയ്ക്കുള്ള ഭക്ഷ്യ വസ്തുക്കളുമാണുള്ളത്.

ചെറുപയര്‍, കടല, തുവര പരിപ്പ്, ഉഴുന്ന് പരിപ്പ്, ഭക്ഷ്യഎണ്ണ, മൂന്നിനം കറി പൗഡറുകള്‍ എന്നിവയാണ് ഭക്ഷ്യവസ്തുക്കളായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. സപ്ലൈക്കോയാണ് പൊതുവിദ്യാഭ്യാസ വകുപ്പിനു വേണ്ടി ഭക്ഷ്യ കിറ്റുകള്‍ തയ്യാറാക്കി സ്‌കൂളുകളില്‍ എത്തിക്കുന്നത്. സാമൂഹിക അകലവും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് സ്‌കൂളുകളില്‍ രക്ഷിതാക്കള്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യും.

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന സംസ്ഥാനത്തെ 12324 വിദ്യാലയങ്ങളിലെ 2727202 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ കിറ്റിന്റെ പ്രയോജനം ലഭിക്കും.കിറ്റുകളുടെ വിതരണോദ്ഘാടനം വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ അധ്യക്ഷനായി. സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് 2013ലെ ദേശീയ ഭക്ഷ്യ ഭദ്രതാ ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം അര്‍ഹതപ്പെട്ട ഭക്ഷ്യഭദ്രതാ അലവന്‍സ് എന്ന നിലയില്‍ ഭക്ഷ്യ കിറ്റുകള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നത്.

06-Nov-2020