കെ.എംഷാജിയെ ഇ.ഡി രണ്ടാം ദിവസം ചോദ്യം ചെയ്തത് 16 മണിക്കൂറോളം

പ്ലസ്ടു കോഴ ഇടപാടുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗിന്റെ എം.എല്‍.എ കെ.എം ഷാജിയുടെ രണ്ടാം ദിവസത്തെ
ഇ.ഡി ചോദ്യം ചെയ്യല്‍ അവസാനിച്ചത് രാത്രി 1.45ന്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന ചോദ്യം ചെയ്യലിലും ഷാജി നല്‍കിയ മറുപടിയില്‍ തൃപ്തനാവാത്തതിനാല്‍ ഇ.ഡി. ചോദ്യം ചെയ്യല്‍ തുടരും. അടുത്ത പത്ത് ദിവസത്തിനകം വീണ്ടും ചില രേഖകളുമായി ഹാജരാകണം.

ആഡംബര വീട് നിര്‍മ്മാണവുമായി വിവരങ്ങള്‍ക്ക് പുറമെ പാസ്‌പോര്‍ട് വിവരങ്ങളും വിദേശ യാത്രാ വിവരവും ഇ.ഡി ചോദിച്ചറിഞ്ഞു. കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കുന്നതിന് കെ.എം ഷാജി കോഴ വാങ്ങിയെന്ന പരാതിയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കെ.എം ഷാജിയെ ചോദ്യം ചെയ്യുന്നത്. 2014 ല്‍ അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ 25 ലക്ഷം രൂപ കൈമാറിയെന്ന പരാതിയിലാണ് അന്വേഷണം.

കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭനായിരുന്നു പരാതിക്കാരന്‍. പണം കൈമാറിയതായി പറയുന്നവരും ചര്‍ച്ചകളില്‍ പങ്കെടുത്തവരും ഇഡിയുടെ അന്വേഷണ പരിധിയിലുണ്ട്. പണത്തിന്റെ ഉറവിടം കൈമാറിയ രീതി ചെലവഴിച്ച വഴികള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം വിശദമായി പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി കെ.എം ഷാജിയുടെ കോഴിക്കോട്ടേയും, കണ്ണൂരിലേയും വീട് ഇഡിയുടെ നിര്‍ദേശ പ്രകാരം കോര്‍പ്പറേഷന്‍ അളന്നിരുന്നു. ഇത് അനധികൃതമാണെന്ന് കണ്ടെത്തുകയും കോര്‍പ്പറേഷന്‍ ഇഡിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്.

12-Nov-2020