ഡിജിറ്റല്‍ മാധ്യമ നിയന്ത്രണ വിജ്ഞാപനം കേന്ദ്രസർക്കാർ പിൻവലിക്കണം: സി.പി.എം

രാജ്യത്തെ ഡിജിറ്റല്‍ മാധ്യമങ്ങളെ കേന്ദ്രസര്‍ക്കാര്‍ വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കാനുള്ള വിജ്ഞാപനം പിന്‍വലിക്കണമെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ. രാജ്യത്ത് നിലവിലുള്ള ഐ.ടി നിയമവും ഇതര നിയമങ്ങളും വഴി ഡിജിറ്റല്‍ മാധ്യമങ്ങളുടെ ആരോഗ്യകരമായ പ്രവര്‍ത്തനം ഉറപ്പാക്കാനാകുമെന്നും അച്ചടി, ദൃശ്യ മാധ്യമങ്ങളെ വരുതിയിലാക്കിയശേഷം കേന്ദ്രസര്‍ക്കാര്‍ ഡിജിറ്റല്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ പോവുകയാണെന്നും പി.ബി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടു.

സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന എല്ലാ ഡിജിറ്റല്‍, ഓണ്‍ലൈന്‍ മാധ്യമങ്ങളെയും ഓണ്‍ലൈന്‍ ഉള്ളടക്ക ദാതാക്കളെയും കേന്ദ്രവാര്‍ത്താവിതരണ, പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണപരിധിയില്‍ കൊണ്ടുവരാന്‍ വിജ്ഞാപനം ഇറക്കിയത് ഈ ഉദ്ദേശ്യത്തിലാണെന്നും പി.ബി ചൂണ്ടിക്കാട്ടുന്നു. നിലവില്‍ നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം തുടങ്ങിയ പോര്‍ട്ടലുകള്‍ക്കും ന്യൂസ് പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

13-Nov-2020