തദ്ദേശ തെരഞ്ഞെടുപ്പ്: കൊവിഡ് രോഗികള്‍ക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാന്‍ സൗകര്യമൊരുങ്ങുന്നു

സംസ്ഥാനത്ത് ഇക്കുറി കൊവിഡ് രോഗികള്‍ക്ക് തദ്ദേശതെരഞ്ഞെടുപ്പില്‍ വീട്ടിലിരുന്ന് വോട്ട് ചെയ്യാന്‍ സൗകര്യമൊരുങ്ങുന്നു. കൊവിഡ് രോഗികളുടെ വോട്ട് രേഖപ്പെടുത്താനായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വീടുകളിലേക്കെത്തും.

നിലവില്‍ ആരോഗ്യവകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കുമാണ് കമ്മീഷന്‍ ഈ സൗകര്യമൊരുക്കുന്നത്. തപാല്‍ വോട്ടിനായി പ്രത്യേകം അപേക്ഷിക്കേണമെന്ന് നിര്‍ബന്ധമില്ലെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്കരന്‍ പറഞ്ഞു.

കൊവിഡ് രോഗികള്‍ക്ക് തപാല്‍ വോട്ട് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അപേക്ഷ നല്‍കുന്നതിലുള്‍പ്പെടെ ആശയക്കുഴപ്പമുണ്ടായിരുന്നു. ഇതിന് പരിഹാരമായാണ് ഉദ്യോഗസ്ഥര്‍ രോഗികളുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തി വാങ്ങാന്‍ തീരുമാനിച്ചത്.

23-Nov-2020