കർഷക സമരം; കേന്ദ്രസർക്കാരും കർഷകരുമായുള്ള ചർച്ച പരാജയപെട്ടു

ഡൽഹിയിൽ നടന്നു വരുന്ന കർഷക സമരത്തിന് തുടർന്ന് ഇന്ന് ഗവണ്മെന്റ് കർഷകരുമായുള്ള ചർച്ച പരാജയപെട്ടു. വിവാദ കർഷകനിയമഭേദഗതികൾ പിൻവലിക്കില്ലെന്ന ഉറച്ച നിലപാടുമായിയാണ് കേന്ദ്രസർക്കാർ നിൽക്കുന്നത്. അതേസമയം, നിയമഭേദഗതികളിൽ ഉള്ള പ്രശ്നങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിക്കാമെന്ന വാഗ്ദാനമാണ് കേന്ദ്രസർക്കാർ മുന്നോട്ടുവയ്ക്കുന്നത്.

ദില്ലിയിൽ കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറിന്‍റെയും പിയൂഷ് ഗോയലിന്‍റെയും അധ്യക്ഷതയിൽ കർഷകസംഘടനാ നേതാക്കളുമായി നടത്തുന്ന ചർച്ചയിലാണ് കേന്ദ്രസർക്കാരിന്‍റെ വാഗ്ദാനം. ഇതിൽ ആരെല്ലാം വേണമെന്ന കാര്യം കർഷകസംഘടനാ നേതാക്കൾക്കും യൂണിയൻ നേതാക്കൾക്കും നിർദേശിക്കാമെന്നും കേന്ദ്രസർക്കാർ പറയുന്നു. എന്നാൽ കേന്ദ്രസർക്കാരിന്‍റെ ഈ നിർദേശം കർഷകസംഘടനകൾ തള്ളിക്കളഞ്ഞു.

ചർച്ചയിലും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. കേന്ദ്രം നേരത്തേ തന്നെ പ്രതിഷേധം നിര്‍ത്തിവെക്കാന്‍ പലശ്രമങ്ങള്‍ നടത്തിയെങ്കിലും കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന തീരുമാനത്തില്‍ കര്‍ഷകര്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. പ്രതിഷേധത്തിനിടെ പൊലീസ് നടത്തിയ ജലപീരങ്കി, കണ്ണീര്‍ വാതക പ്രയോഗത്തില്‍ നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റിരുന്നു.

01-Dec-2020