പ്രവാസി ചിട്ടിയിലെ പണം കിഫ്ബിയിൽ നിക്ഷേപിക്കുന്നത് നിയമ പ്രകാരം
അഡ്മിൻ
പ്രവാസി ചിട്ടിയിൽ നിന്നുള്ള ഫ്ളോട്ട് ഫണ്ട് കിഫ്ബിയിൽ നിക്ഷേപിക്കുന്നത് നിയമപ്രകാരമെന്ന് അധികൃതർ. നിലവിലെ കേന്ദ്രചിട്ടി നിമത്തിന്റെ വ്യവസ്ഥകൾക്ക് വിരുദ്ധമാണ് പ്രവാസി ചിട്ടിയെന്ന ബിജെപി ആരോപണത്തിന് മറുപടിയായിയാണ് അധികൃതർ വിശദീകരണവുമായി രംഗത്ത് എത്തിയത്.
2015 ലെ ഫെമ നിയമത്തിൽ വരുത്തിയ ഭേദഗതി പ്രകാരം ഇന്ത്യയിലെ ചിട്ടി ഫണ്ടുകളിലേക്ക് വിദേശത്തുനിന്നു ഒരു ബാങ്കിംഗ് ചാനൽ മുഖേന പണം നിക്ഷേപിക്കുന്നതിന് പ്രവാസികളായ ഇന്ത്യാക്കാർക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്. അതിനനുബന്ധിച്ചു 2015 ജൂലൈയിൽ കേരള സർക്കാർ കെഎസ്എഫ്ഇക്ക് വിദേശ ഇന്ത്യാക്കാരിൽ നിന്നും പണം സ്വീകരിക്കുന്നതിനുള്ള അനുമതി നൽകിയിരുന്നു.
തുടർന്ന് 2016 ൽ ആണ് പ്രവാസി ചിട്ടി എന്ന ആശയം ഉടലെടുക്കുന്നതും കിഫ്ബിയിലൂടെ പ്രവാസി ചിട്ടി നടത്തുന്നതിനുള്ള തീരുമാനം കേരള സർക്കാർ എടുക്കുകയും ചെയ്തത്. സംസ്ഥാന സർക്കാരിന്റെ 2017-2018 ലെ ബജറ്റ് പ്രസംഗത്തിലാണ് കെഎസ്എഫ്ഇയും കിഫ്ബിയും ചേർന്ന് പ്രവാസി ചിട്ടി നടത്തുന്നതിനുള്ള തീരുമാനം ഉണ്ടാകുന്നത്. തുടർന്ന് സർക്കാർ ഉത്തരവിലൂടെ പ്രവാസി ചിട്ടിയുടെ ഫ്ലോട്ട് ഫണ്ട് കിഫ്ബിയിലേക്ക് നിക്ഷേപിക്കുന്നതിന് സർക്കാർ കെഎസ്എഫ്ഇക്ക് അനുമതി നൽകി.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പ്രവാസിചിട്ടിയിൽ നിന്നുള്ള ഫ്ളോട്ട് ഫണ്ട് കിഫ്ബിയിൽ നിക്ഷേപിക്കുന്നത് നിയമപ്രകാരം തന്നെ കെഎസ്എഫ്ഇ പ്രവാസി ചിട്ടിയിൽ നിന്നുള്ള ഫ്ളോട്ട് ഫണ്ട് കിഫ്ബിയിൽ നിക്ഷേപിക്കുന്നത് വ്യവസ്ഥകൾ ലംഘിച്ചാണ് എന്ന തരത്തിൽ തെറ്റിദ്ധാരണാജനകമായ വാർത്തകൾ പല മാധ്യമങ്ങളിലും വരുന്നുണ്ട്. പലപ്രാവശ്യം ഇക്കാര്യം വിശദീകരിച്ചിട്ടുണ്ടെങ്കിലും വീണ്ടും അസത്യപ്രചരണം നടത്തി ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. 2015 ലെ ഫെമ നിയമത്തിൽ വരുത്തിയ ഭേദഗതി പ്രകാരം ഇന്ത്യയിലെ ചിട്ട് ഫണ്ടുകളിലേക്ക് വിദേശത്തുനിന്നു ഒരു ബാങ്കിങ് ചാനൽ മുഖേന പണം നിക്ഷേപിക്കുന്നതിന് പ്രവാസികളായ ഇന്ത്യാക്കാർക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്. അതിനനുബന്ധിച്ചു 2015 ജൂലൈ മാസം കേരള സർക്കാർ കെ.എസ്.എഫ്.ഇ. ക്ക് 135/2015 dated 29-07-2015 ലെ ഉത്തരവ് പ്രകാരം ഫെമ നിയമത്തിനു വരുത്തിയ ദേദഗതിക്ക് അനുകൂലമായ രീതിയിൽ വിദേശ ഇന്ത്യാക്കാരിൽ (Non Resident Indians) നിന്നും പണം സ്വീകരിക്കുന്നതിനുള്ള അനുമതി നൽകുകയുണ്ടായി.
തുടർന്ന് 2016 ൽ ആണ് പ്രവാസി ചിട്ടി എന്ന ആശയം ഉടലെടുക്കുന്നതും കിഫ്ബിയിലൂടെ പ്രവാസി ചിട്ടി നടത്തുന്നതിനുള്ള തീരുമാനം കേരള സർക്കാർ എടുക്കുകയും ചെയ്തത്. കേരള സർക്കാരിന്റെ 2017-2018 ലെ ബഡ്ജറ്റ് പ്രസംഗത്തിലാണ് കെ.എസ്.എഫ്.ഇ. യും കിഫ്ബിയും ചേർന്ന് പ്രവാസി ചിട്ടി നടത്തുന്നതിനുള്ള തീരുമാനം ഉണ്ടാകുന്നത്. അതിൻപ്രകാരം 24-01-2018 ലെ 6/2018/Taxes സർക്കാർ ഉത്തരവിലൂടെ പ്രവാസി ചിട്ടിയുടെ ഫ്ലോട്ട് ഫണ്ട് കിഫ്ബിയിലേക്ക് നിക്ഷേപിക്കുന്നതിന് സർക്കാർ കെ.എസ്.എഫ്.ഇ. ക്ക് അനുമതി നൽകി.
ആയതിനാൽ വ്യവസ്ഥകൾ ഇല്ലാതെയാണ് കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടിയുടെ ഫ്ലോട്ട് ഫണ്ട് കിഫ്ബിയിൽ നിക്ഷേപിക്കുന്നത് എന്ന ആരോപണം കാര്യങ്ങൾ അറിയാതെയുള്ള വിമർശനം ആണെന്ന് പറയാതെ വയ്യ. അത് മാത്രമല്ല കിഫ്ബിയുമായി ചേർന്ന് പ്രവാസി ചിട്ടി നടത്തുന്നതിന് കെ.എസ്.എഫ്.ഇ. ക്ക് നൽകിയ വിവിധ അനുമതികളും ഇവിടെ പ്രസക്തമാണ്.
പ്രവാസി ചിട്ടി കേന്ദ്ര ചിട്ടി നിയമം 1982 നു അനുസൃതമായി കേരളത്തിൽ തന്നെ രജിസ്റ്റർ ചെയ്താണ് നടത്തുന്നത്. ഇത് പൂർണമായും ഒരു ഓൺലൈൻ പ്ലാറ്റഫോമിൽ ചിട്ടി നിയമവും ചട്ടങ്ങളും പാലിച്ചാണ് നടക്കുന്നത്. ഇത്തരത്തിൽ ചിട്ടിയുടെ എല്ലാ നിയമങ്ങളും അനുസരിക്കുന്നതിനൊപ്പം ആവശ്യമായ എല്ലാ മുൻകൂർ അനുമതികളും ഉത്തരവുകളും നേടിയാണ് കെഎസ്എഫ്ഇ പ്രവാസി ചിട്ടി നടത്തുന്നത്. സെക്ഷൻ 20(1)(c)യിൽ ഇന്ത്യൻ ട്രസ്റ്റ് ആക്ടിന്റെ ഇരുപതാം വകുപ്പ് പ്രകാരമുള്ള ട്രസ്റ്റി സെക്യൂരിറ്റികളെ സംബന്ധിച്ച് പറയുന്നുണ്ട്.
കേന്ദ്രസർക്കാരിന്റെ ധനമന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തികകാര്യ വകുപ്പ് എസ്ഒ 1267(ഇ) എന്ന പേരിൽ 21.04.2017ൽ ഇറക്കിയിട്ടുള്ള നോട്ടിഫിക്കേഷൻ പ്രകാരം കേന്ദ്ര സർക്കാരും സംസ്ഥാനസർക്കാരും മുതലിനും പലിശയ്ക്കും റദ്ദാക്കാനാവാത്ത ഗ്യാരണ്ടി നൽകുന്ന എല്ലാ സെക്ര്യൂരിറ്റികളും ട്രസ്റ്റി സെക്യൂരികളാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേരളനിയമ സഭ ഏകകണ്ഠമായി പാസാക്കിയ കിഫ്ബി നിയമത്തിൽ വ്യവസ്ഥ ചെയ്യുന്ന കിഫ്ബിയുടെ സെക്യൂരിറ്റിക്ക് മുതലിനും പലിശയ്ക്കും കേരള സർക്കാർ ഗ്യാരണ്ടി നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യൻ ട്രസ്റ്റ് ആക്ടിന്റെ ഇരുപതാം വകുപ്പ് പ്രകാരമുള്ള ട്രസ്റ്റി സെക്യൂരിറ്റികളിൽ കിഫ്ബി ബോണ്ടും പെടും.കിഫ്ബിയിൽ കെഎസ്എഫ്ഇ നിക്ഷേപിക്കുന്ന തുകയ്ക്ക് കിഫ്ബി നൽകുന്ന സെക്യൂരിറ്റി പ്രൈവറ്റ് പ്ലെയ്സ്മെന്റ് വിഭാഗത്തിലാണ് വരുന്നത്.
1956ലെ കമ്പനി നിയമത്തിലെ 67 ാം വകുപ്പിലെ മൂന്നാം ഉപവകുപ്പിലാണ് പ്രൈവറ്റ് പ്ലെയ്സ്മെന്റ് എന്താണെന്ന് നിർവചിക്കുന്നത്. 50 നിക്ഷേപകരിൽ കവിയാതെയുള്ള നിക്ഷേപ സമാഹരണങ്ങളെ പ്രൈവറ്റ് പ്ലെയ്സ്മെന്റിലാണ് ഉൾപ്പെടുത്തുന്നത്. 2008 ലെ സെബിയുടെ ഇഷ്യൂ ആൻഡ് ലിസ്റ്റിങ് ഓഫ് ഡെബ്റ്റ് സെക്യൂരിറ്റീസ് ഗൈഡ്ലൈൻസ് പ്രകാരം പബ്ലിക് പ്ലേയ്സ്മെന്റുകൾക്ക് മാത്രമേ സെബിയുടെ അനുവാദം ആവശ്യമുള്ളു.പ്രവാസിചിട്ടിയിലെ പണം ചിട്ടിനിയമത്തിലെ 14(1)(c),20(1)(c)എന്നീ നിയമങ്ങൾ അനുസരിച്ച് ഇന്ത്യൻ ട്രസ്റ്റ് ആക്ട് ഇരുപതാം വകുപ്പ് പ്രകാരമുള്ള ട്രസ്റ്റ് സെക്യൂരിറ്റികളിൽ ഒന്നായ കിഫ്ബി സെക്യൂരിറ്റിയിൽ കെഎസ്എഫ്ഇ നിക്ഷേപിക്കുന്നത്.ഇതിനായാണ് 24.1.2018ലെ ജിഒ(എംഎസ്) 6/2018/ടാക്സസ് പ്രകാരം സർക്കാർ അനുമതി നൽകിയിരിക്കുന്നത്.ഇത് പൂർണമായും 1982 ലെ ചിട്ടിനിയമത്തിലെ വ്യവസ്ഥകൾക്ക് അനുസൃതവുമാണ്.
ചിട്ടിയിൽ ചേരുന്നവർക്ക് തുക ആവശ്യമായി വരുന്നത് ചിട്ടിവിളിച്ചു മതിയായ ജാമ്യം നൽകി ചിട്ടിത്തുക കൈപ്പറ്റുമ്പോൾ ആണ് അല്ലെങ്കിൽ സ്ഥിരനിക്ഷേപമാക്കിയ തുക കാലാവധി കഴിഞ്ഞു തിരികെ കൈപ്പറ്റുമ്പോഴോ ആണ്.
ഇത്തരത്തിൽ തുക ആവശ്യമായ സമയത്തു ചിറ്റാളന് അത് സുഗമമായി നൽകുന്നതിന് ആവശ്യമായ മുൻകരുതലുകളും നടപടികളും പ്രവാസി ചിട്ടിയിൽ കെ.എസ്.എഫ്.ഇ. കൈക്കൊണ്ടിട്ടുണ്ട്. നാളിതുവരെ അതിനെ സംബന്ധിച്ചു, നിയമത്തിനു വിധേയമായി ചിട്ടിപ്പണം ഇന്ത്യയിലെ NRO അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്യുന്നതിന്, യാതൊരു തടസ്സമോ പരാതികളോ ഉയർന്നു വന്നിട്ടില്ല. അത്രമാത്രം കുറ്റമറ്റ സവിധാനത്തിലൂടെയാണ് ഇത് പ്രവർത്തിക്കുന്നത്. അത് മാത്രമല്ല ചിട്ടിപ്പണം അപ്പാടെ കിഫ്ബി ബോണ്ടുകളിൽ നിക്ഷേപിക്കുക എന്നൊരു കാഴ്ചപ്പാട് അല്ല ഇതിൽ ഉള്ളത്. ദൈനംദിന ആവശ്യങ്ങൾ ആയ പ്രൈസ് മണി പേയ്മെന്റ് ഡെപ്പോസിറ് ക്ലോസിങ് എന്നിവ കഴിച്ചുള്ള ഫ്‌ലോട്ട് ഫണ്ട് മാത്രമാണ് കിഫ്ബിയിൽ നിക്ഷേപിക്കുന്നത്. അതായത് കെ.എസ്.എഫ്.ഇ. യുടെ ആഭ്യന്തര ചിട്ടി ബിസിനസ്സിൽ ബാങ്ക് അക്കൗണ്ടുകളിൽ വെറുതെ സൂക്ഷിക്കുന്ന തുക സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് ഒരു കരുതൽ ആയി ഉപയോഗിക്കുവാൻ കഴിയും എന്ന ആശയമാണ് പ്രവാസി ചിട്ടിയിലൂടെ കെ.എസ്.എഫ്.ഇ. യും കിഫ്ബിയും നടപ്പിലാക്കുന്നത്. നിരന്തര കുപ്രചാരങ്ങൾ അതിജീവിച്ചു കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടി വളർച്ചയുടെ പടവുകൾ ഓരോന്നായി കടന്ന് മുന്നേറുകയാണ്. രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ പ്രവാസികളുടെ എണ്ണം 79000 കടന്നിരിക്കുന്നു. നിലവിൽ വിദേശത്ത് താമസിക്കുന്ന 72956 പ്രവാസി മലയാളികളും ഇന്ത്യയിൽ കേരളത്തിന് പുറത്ത് താമസിക്കുന്ന 6238 പ്രവാസി മലയാളികളും അടക്കം 79194 പേർ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിച്ചു. 2018 ജൂൺ 18 ന് രജിസ്ട്രേഷനും അതേ വർഷം നവംബർ 23 നു ചിട്ടികളും ആരംഭിച്ച കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടിയിൽ 28,160 വരിക്കാർ ഉള്ള 890 ചിട്ടികൾ വഴി പ്രതിമാസം 43.118 കോടിക്ക് മേൽ പ്രതിമാസ വിറ്റുവരവ് ഉണ്ട്. രജിസ്‌ട്രേഷനായി തുറന്ന് നൽകിയിട്ടുള്ള 130 വിദേശരാജ്യങ്ങളിൽ 95 രാജ്യങ്ങളിൽ നിന്നും എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും മലയാളികൾ പ്രവാസി ചിട്ടിയിൽ അംഗങ്ങൾ ആയിട്ടുണ്ട്. പ്രവാസി ചിട്ടിയിൽ ചേരുവാൻ താൽപര്യം പ്രകടിപ്പിച്ച് 193826 പരം പേർ മുന്നോട്ട് വന്നിട്ടുമുണ്ട്.
കോവിഡ് മഹാമാരിയും തുടർന്നുള്ള ലോക്ഡൗണും ലോകത്തെ പ്രതിസന്ധിയിലാക്കിയപ്പോഴും കെഎസ്എഫ്ഇ പ്രവാസി ചിട്ടി പ്രവാസികളുടെ വിശ്വാസം നേടി മുന്നോട്ട് കുതിക്കുകയാണ്. മലയാളിയുടെ തനത് സമ്പാദ്യശീലമായ ചിട്ടിയിൽ പങ്കെടുത്ത് സ്വന്തം ഭാവി സുരക്ഷിതമാക്കുന്നതിനൊപ്പം നാടിന്റെ വികസനത്തിൽ കൂടി പങ്കാളികളാവുകയാണ് പ്രവാസി സമൂഹം.
04-Dec-2020
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ