ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് കോടതി

യോഗാചാര്യൻ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് കോടതി. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് ​മജിസ്ട്രേറ്റ് കോടതി-2 ആണ് രാംദേവിനെതിരെ ഇന്ന് വാറണ്ട് പുറപ്പെടുവിച്ചത്. ഫലസിദ്ധി വാഗ്ദാനം ചെയ്ത് ഔഷധ പരസ്യ നിയമം ലംഘിച്ച കേസിലാണ് നടപടി.

സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി നടപടി. കഴിഞ്ഞ 16ന് പാലക്കാട്ടെ കോടതിയിൽ ഹാജരാകാൻ രാംദേവിന് സമൻസ് അയച്ചിരുന്നു. എന്നാൽ അന്ന് കോടതിയിൽ വരാതിരുന്നതിനെത്തുടർന്നാണ് ​ഫെബ്രുവരി ഒന്നിന് നേരിട്ട് ഹാജരായി ജാമ്യമെടുക്കാൻ കോടതി വാറണ്ട് പുറപ്പെടുവിച്ചത്. ഇതോടെ ഫെബ്രുവരി രണ്ടിന് ബാബാ രാംദേവ് നേരിട്ട് പാലക്കാട്ടെ കോടതിയിൽ എത്തി ജാമ്യമെടുക്കേണ്ടിവരും.

രാം ദേവിന്റെ അനുയായി ആചാര്യ ബാലകൃഷ്ണയും കേസിൽ പ്രതിയാണ്. കണ്ണൂർ സ്വദേശിയായ ഒരു ഡോക്ടർ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന് നൽകിയ പരാതികളിന്മേലാണ് നടപടി. രാംദേലിന്റെ പതഞ്ജലി പുറത്തിറക്കുന്ന ചില ആയൂർവേദ ഉത്പന്നങ്ങൾ അമിത രക്തസമ്മർദം, പ്രമേഹം എന്നിങ്ങനെയുള്ള ആരോഗ്യ പ്രശ്നങ്ങളെ സുഖപ്പെടുത്തുമെന്ന് പരസ്യങ്ങളിൽ വാഗ്ദാനം ചെയ്തിരുന്നു.

എന്നാൽ ഇത്തരത്തിൽ പല പ്രത്യേക രോഗങ്ങൾ സുഖപ്പെടുത്തുമെന്ന തരത്തിൽ പരസ്യങ്ങൾ കൊടുക്കുന്നത് 1954ലെ ഡ്രഗ്സ് ആന്റ് മാജിക് റെമ‍ഡീസ് (ഒബക്ഷണബിൾ അഡ്വർടൈസ്മെന്റ്) നിയമ പ്രകാരം കുറ്റകരമാണെന്ന് കാണിച്ചാണ് പരാതി.

19-Jan-2025