പ്രയാഗ് രാജില്‍ മഹാകുംഭ മേളക്കിടെ തീപിടിത്തം

ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ മഹാകുംഭ മേളക്കിടെ തീപിടിത്തം. സെക്ടർ 19ൽ ശാസ്ത്രി ബ്രിഡ്ജിന് അടുത്താണ് തീപിടിത്തം. ടെന്റുകള്‍ കത്തി നശിച്ചു. തീ അണക്കാനുള്ള ശ്രമം തുടരുന്നു. പൊലീസും അഗ്നിശമന സേനാ വിഭാഗങ്ങളും സംഭവത്തില്‍ അതിവേഗം ഇടപെടുകയും തീയണക്കാനുള്ള ശ്രമം വേഗത്തില്‍ ആരംഭിക്കുകയും ചെയ്തു. ദേശീയ ദുരന്ത പ്രതികരണ സേനയുടെ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.


തീര്‍ത്ഥാടകര്‍ക്ക് താമസിക്കാന്‍ സജ്ജീകരിച്ചിരുന്ന താത്കാലിക ടെന്റുകളില്‍ ഒന്നില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. ഉണങ്ങിയതും കത്തുന്നതുമായ വസ്തുക്കള്‍ ടെന്റുകളില്‍ ഉണ്ടായിരുന്നതിനാല്‍ തീ ആളിപ്പടരുകയായിരുന്നു. നിരവധി ടെന്റുകളും സാധനങ്ങളും നശിച്ചിട്ടുണ്ടെങ്കിലും ആളപായമൊന്നും ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മറ്റ് ക്യാമ്പുകളില്‍ ഉണ്ടായിരുന്നവരെ ഒഴിപ്പിച്ചതിന് ശേഷം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ദുരിതബാധിതര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

19-Jan-2025