കർഷകർ സമരം ഇന്ന് 18ാം ദിവസം; നാളെ മുതല്‍ നിരാഹാര സമരം

കേന്ദ്ര കാർഷികനിയമങ്ങൾക്കെതിരെയുളള കർഷകരുടെ സമരം രണ്ടാംഘട്ടത്തിലേക്ക് കടന്നതോടെ കൂടുതൽ കർഷകർ ഡൽഹിയിലേക്ക്. നിയമം പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകാത്തതിനാൽ നാളെ കർഷകർ സിംഗുവിൽ നിരാഹാരമിരിക്കും. അതേസമയം കർഷകപ്രതിഷേധം 18ാം ദിവസത്തിലേക്ക് കടന്നു.

രാജസ്ഥാനിൽ നിന്നുള്ള കർഷകരുടെ ട്രാക്ടർ റാലി ഇന്നാരംഭിക്കും. രാജസ്ഥാനിൽ നിന്നും ഹരിയാനയിലെ കുരുക്ഷേത്രയിൽ നിന്നുമുള്ള കർഷകരുടെ ഡൽഹി ചലോ മാർച്ച് തുടരുകയാണ്. സമരം ശക്തമാക്കിയതോടെ ഡൽഹി - ആഗ്ര, ഡൽഹി - ജയ്പൂർ ദേശീയ പാതകൾ കർഷകർ ഉപരോധിക്കുകയാണ്.

ഡിസംബർ 19ന് മുമ്പ് ആവശ്യങ്ങൾ അംഗീകരിക്കണമെന്നും ഇല്ലെങ്കിൽ ട്രെയിൻ തടയലിലേക്ക് കടക്കുമെന്നും കർഷകർ അറിയിച്ചു. അതേസമയം അനുനയ ശ്രമങ്ങളുടെ ഭാഗമായി ഭാരതീയ കിസാൻ യൂണിയൻ നേതാക്കളുമായി കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് ചർച്ച നടത്തി. 48 മണിക്കൂറിനകം പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗിനെയും നരേന്ദ്ര സിങ് തോമറെയും കണ്ട ശേഷം ഹരിയാന ഉപമുഖ്യമന്തി ദുഷ്യന്ത് ചൗട്ടാല പറഞ്ഞു

13-Dec-2020