തെരഞ്ഞെടുപ്പ് വിജയാഹ്ളാദ പ്രകടനങ്ങൾ; കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം
അഡ്മിൻ
തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനത്തിൽ വിജയാഹ്ളാദ പ്രകടനങ്ങൾ നടത്തുമ്പോൾ കർശന കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ. ജാഥകളും വാഹന റാലികളും പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങളും ഒഴിവാക്കണമെന്നും ഹാരം, നോട്ടുമാല, ബൊക്കെ, ഷാൾ എന്നിവ നൽകിയുള്ള സ്വീകരണ പരിപാടികൾ ഒഴിവാക്കണമെന്നും കളക്ടർ അഭ്യർഥിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ കാണിച്ച ശ്രദ്ധയും ജാഗ്രതയും വോട്ടെണ്ണൽ ദിനത്തിലും തുടരണമെന്നു കളക്ടർ രാഷ്ട്രീയ കക്ഷി പ്രതിനിധികളോട് അഭ്യർത്ഥിച്ചു. പൊതുജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുംവിധം വാദ്യോപകരണങ്ങൾ, ഉച്ചഭാഷണി തുടങ്ങിയവ ഉപയോഗിച്ചുള്ള ആഹ്ളാദ പ്രകടനം നടത്തരുതെന്നും കളക്ടർ പറഞ്ഞു.
വോട്ടെണ്ണൽ നടക്കുന്ന ജില്ലയിലെ 16 കേന്ദ്രങ്ങളും അണുവിമുക്തമാക്കി. സാമൂഹിക അകലം പാലിക്കത്തക്കവിധമാണ് എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും കൗണ്ടിങ് ടേബിളുകൾ സജ്ജീകരിച്ചിരിക്കുന്നത്.