കെ.പി.സി.സി അഴിച്ചുപണിയണം; ഹൈക്കമാന്റ് തന്നെ നേരിട്ട് ഇടപെടണം: കെ. സുധാകരന്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയം നേരിട്ട പിന്നാലെ സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കണ്ണൂര്‍ എം.പി കെ.സുധാകരന്‍. കോണ്‍ഗ്രസ് പാര്‍ട്ടിയിലും മുന്നണിയിലും അനൈക്യം തിരിച്ചടിയായെന്നും കല്ലാമലയില്‍ അപമാനിക്കപ്പെട്ടുവെന്ന തോന്നല്‍ ആര്‍.എം.പിക്കുണ്ടായത് തിരിച്ചടിയായെന്നും കെ.സുധാകരന്‍ പറഞ്ഞു. സംസ്ഥാനത്തെ നേതാക്കള്‍ക്ക് കഴിവില്ലാത്തത് കൊണ്ടാണ് കോണ്‍ഗ്രസുകാര്‍ ബി.ജെ.പിയിലേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് സംഭവിച്ച ബി.ജെ.പിയുടെ വളര്‍ച്ച കോണ്‍ഗ്രസിന്റെ വലിയ വീഴ്ചയാണെന്നും ആജ്ഞ ശക്തിയുള്ള നേതൃത്വത്തിന്റെ അഭാവം കെ.പി.സി.സിക്കുണ്ടെന്നും സുധാകരന്‍ആരോപിച്ചു. ഭാവിയില്‍ ശുപാര്‍ശയ്ക്കും വ്യക്തിതാല്‍പര്യങ്ങള്‍ക്കും അതീതമായ നേതൃനിര വേണമെന്നും അദ്ദേഹം പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം ഗുണം ചെയ്തുവെന്നും അവരോട് നന്ദിയുണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെ മുല്ലപ്പള്ളി പറയുന്ന അഭിപ്രായങ്ങള്‍ കോണ്‍ഗ്രസിന്റെതല്ലെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

കേരളത്തില്‍ കെ.പി.സി.സി തലത്തിലും ജില്ലാതലത്തിലും അടിമുടി മാറ്റം വേണം. അഴിച്ചുപണിക്ക് ഹൈക്കമാന്റ് തന്നെ നേരിട്ട് ഇടപെടണം. ഇതിനായി ദല്‍ഹിയില്‍ പോയി രാഹുല്‍ ഗാന്ധിയെ ഈ വിഷയങ്ങള്‍ ധരിപ്പിക്കും. നേതാക്കള്‍ ജില്ല സംരക്ഷിക്കണം. ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ജില്ലയില്‍ കോണ്‍ഗ്രസ് പിന്നിലായതില്‍ ആത്മപരിശോധന വേണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

17-Dec-2020