മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന കേരളപര്യടനം ഇന്ന് മുതൽ

തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം തുടർഭരണം ലക്ഷ്യമിട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന കേരളപര്യടനം ഇന്ന് രാവിലെ കൊല്ലത്ത് നിന്നും ആരംഭിക്കും. ഇന്ന് വൈകിട്ട് പത്തനംതിട്ടയിലും മുഖ്യമന്ത്രി സന്ദർശനം നടത്തും. ഓരോ ജില്ലയിലും ക്യാമ്പ് ചെയ്ത് അവിടെയുള്ള സാമൂഹിക, സാംസ്‌കാരിക പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുന്ന വിധത്തിലാണ് പര്യടനത്തിനു രൂപംനൽകുന്നത്.

ജില്ലകളിൽ നിന്നും ഉയരുന്ന ആശയങ്ങളുടെ അടിസ്ഥാനത്തിലാകും 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പ്രകടന പത്രിക തയ്യാറാക്കുന്നത്. സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പൊതുജന വിലയിരുത്തൽ അറിയാനും ശ്രമിക്കും. നിയമസഭയുടെ ബജറ്റ് സമ്മേളത്തിനു മുമ്പ് പര്യടനം പൂർത്തിയാക്കും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പും പിണറായി വിജയൻ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുമായി ആശയവിനിമയം നടത്തിയിരുന്നു. 2016 ഫെബ്രുവരിയിൽ 'നവകേരള യാത്ര'യുടെ ഭാഗമായിട്ടായിരുന്നു ഇത്. ക്ഷേമപെൻഷൻ കൂട്ടിയതും അത് കൃത്യമായി വിതരണംചെയ്തതും ജനങ്ങളെ ഏറെ സ്വാധീനിച്ചുവെന്നാണ് സി.പി.എമ്മും ഇടതുമുന്നണിയും വിലയിരുത്തുന്നത്. കോവിഡ് കാലത്തെ സമൂഹഅടുക്കളയും ഭക്ഷ്യക്കിറ്റ് വിതരണവുമെല്ലാം അടിസ്ഥാന ജനവിഭാഗങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. ഇടത് പ്രവർത്തകരുടെ ജനകീയ ഇടപടലും ജനങ്ങൾക്കു ബോധ്യപ്പെട്ടു. ഇതോടെയാണ് കൂടുതൽ ജനകീയ ഇടപെടലുകൾക്കും രാഷ്ട്രീയമുന്നേറ്റമുണ്ടാക്കാനും മുഖ്യമന്ത്രി തന്നെ മുൻകൈയെടുക്കുന്നത്.

22-Dec-2020