സമസ്തക്ക് വർഗീയചിന്തയുള്ളതായി താൻ ഒരിക്കലും വിമർശിച്ചിട്ടില്ലെന്ന് പി. ജയരാജൻ. സുപ്രഭാതം പത്രത്തിൻറെ മുഖപ്രസംഗത്തെക്കുറിച്ച് മിഡിയവൺ ചർച്ചയിൽ ജയരാജൻ ഉന്നയിച്ച നിലപാടിന് കൂടുതൽ വ്യക്തത നൽകിയാണ് ഫേസ്ബുക്കിലൂടെ അദ്ദേഹം അഭിപ്രായവുമായി രംഗത്തുവന്നത്. മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും വർഗീയതയുടെ വക്താക്കളായി ചിത്രീകരിക്കുന്നത് സംഘപരിവാരത്തിന് ഊർജ്ജം പകരുന്നതാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം
സുപ്രഭാതം പത്രത്തിൻറെ തിങ്കളാഴ്ചത്തെ മുഖപ്രസംഗത്തെക്കുറിച്ച് മീഡിയാ വൺ നടത്തിയ ചർച്ചയിൽ പറഞ്ഞ ഒരു വാചകം മാത്രമെടുത്ത് പ്രചരിപ്പിക്കുന്നത് ബോധപൂർവ്വം തെറ്റിദ്ധാരണ പരത്താനാണ്. മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ വർഗ്ഗീയ പ്രചരണത്തിൻറെ യാതൊരു ലാഞ്ചനയും മതനിരപേക്ഷവാദികൾക്ക് കാണാൻ കഴിയുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബർ 19 ന്റെ മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കോൺഗ്രസ്സിൻറെ ആഭ്യന്തരകാര്യങ്ങളിൽ ലീഗ് നേതൃത്വം ഇടപെടുന്ന ശൈലിയെയാണ് വിമർശിച്ചത്. ഇത് കോൺഗ്രസ്സിൻറെ നേതൃത്വത്തിലുള്ള യുഡിഎഫിൻറെ നേതൃത്വംതന്നെ ലീഗ് ഏറ്റെടുക്കകയാണോ എന്ന സംശയം ഉയർത്തുന്നതായും മുഖ്യമന്ത്രി വിമർശനമുയർത്തി. ഇതേക്കുറിച്ചാണ് മുഖപ്രസംഗം.
മുഖ്യമന്ത്രിയും സിപിഐഎം നേതാക്കളും കൈയ്യിലേന്തിയ വർഗ്ഗീയ തീപ്പന്തം ദൂരെ എറിയുകതന്നെ വേണം എന്നുപറഞ്ഞുകൊണ്ടാണ് മുഖപ്രസംഗം അവസാനിപ്പിക്കുന്നത്. സ്വാഭാവികമായും സിപിഐഎം പ്രവർത്തകൻ എന്നനിലയ്ക്ക് ഇതിനോട് പ്രതികരിക്കേണ്ടത് എൻറെ ഉത്തരവാദിത്വമാണ്. മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ വർഗ്ഗീയ പ്രചരണത്തിൻറെ യാതൊരു ലാഞ്ചനയും മതനിരപേക്ഷവാദികൾക്ക് കാണാൻ കഴിയുകയില്ല. സമസ്തയെന്ന മതസംഘടനയ്ക്ക് വർഗ്ഗീയചിന്ത ഉള്ളതായി ഞാൻ വിമർശിച്ചിട്ടുമില്ല.
അതേസമയം യു.ഡി.എഫും ജമാഅത്തെ ഇസ്ലാമിയുമായുള്ള തെരഞ്ഞെടുപ്പിലെ രഹസ്യബാന്ധവം വിമർശിക്കപ്പെട്ടതുമാണ്. ഇങ്ങനെ വർഗ്ഗീയതയ്ക്ക് തിരികൊളുത്തുന്നത് യു.ഡി.എഫ് ആണ്. ജമാഅത്ത്-വെൽഫെയർ ബന്ധത്തിനെതിരായി ശക്തമായ നിലപാടെടുത്തവർ സമസ്തയിൽ ഉണ്ടെന്നതും വസ്തുതയാണ്.
നാനാ വർഗ്ഗീയതയ്‌ക്കെതിരെ ഉറച്ച നിലപാടെടുക്കുന്ന സർക്കാരാണ് സ:പിണറായി നയിക്കുന്ന എൽഡിഎഫ് സർക്കാർ. ആ മുഖ്യമന്ത്രിയെയും സിപിഐഎം നേതാക്കളെയും വർഗ്ഗീയതയുടെ വക്താക്കളായി ചിത്രീകരിക്കുന്നത് സംഘപരിവാരത്തിന് ഊർജ്ജം പകരുന്നതാണ്.