ജയ് ശ്രീറാം ബാനര്‍; നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാലക്കാട് നഗരസഭയില്‍ ജയ് ശ്രീറാം ഫ്‌ളക്‌സ് തൂക്കിയ സംഭവത്തില്‍ 4 ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വടക്കന്തറ സ്വദേശി ലിനീഷ്, പട്ടിക്കര സ്വദേശി ദാസന്‍, കൊപ്പം സ്വദേശികളായ എം ബിജു, ഉണ്ണികൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്. നാല് പേരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

കൂടുതല്‍ പേരെ പ്രതിചേര്‍ക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഐ.പി.സി 153 നൊപ്പം അതിക്രമിച്ചു കയറിയെന്ന കുറ്റവും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. തദ്ദേശ വോട്ടെണ്ണല്‍ ഫലപ്രഖ്യാപന ദിവസമായിരുന്നു പാലക്കാട് നഗരസഭയില്‍ ബി.ജെ.പിക്കാര്‍ ജയ് ശ്രീരാം ഫ്ളക്സ് വെച്ചത്. നഗരസഭ പിടിച്ചതിന് പിന്നാലെ നടത്തിയ ആഘോഷ പരിപാടിക്കിടെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം എന്നെഴുതി, ശിവജിയുടെ ചിത്രം പതിച്ച ബാനര്‍ നഗരസഭാ കെട്ടിടത്തിന് മുന്നില്‍ ഉയര്‍ത്തിയത്.

ബി.ജെ.പി പ്രവര്‍ത്തകരുടെ ഈ നടപടിയ്‌ക്കെതിരെ വ്യാപകവിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനെതിരെ വെള്ളിയാഴ്ച ഡി.വൈ.എഫ്.ഐ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നഗരസഭ കാര്യാലയത്തിലേക്ക് മാര്‍ച്ചുമായി എത്തിയ പ്രവര്‍ത്തകര്‍ നഗരസഭക്ക് മുകളില്‍ ജയ്ശ്രീറാം ബാനറുകള്‍ തൂക്കിയ അതേസ്ഥലത്ത് ദേശീയ പതാക ഉയര്‍ത്തുകയായിരുന്നു.

23-Dec-2020