കോഴിക്കോട് ജില്ലയിലെ രണ്ട് കിണറുകളിൽ ഷിഗെല്ല സാന്നിധ്യം; 39 പേർ ചികിത്സയിൽ

കോഴിക്കോട് ജില്ലയിലെ മായനാട് കോട്ടാംപറമ്പ് ഭാഗത്തെ രണ്ടു കിണറുകളിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഇതേത്തുടർന്ന് കോർപറേഷൻ ആരോഗ്യ വിഭാഗം പ്രദേശത്തെ 5 കിണറുകളിലെ വെള്ളം എടുത്ത് മലാപ്പറമ്പിലെ റീജനൽ അനലിറ്റിക്കൽ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു.

ഇതിന്റെ അന്തിമ റിപ്പോർട്ട് ലഭിക്കാൻ 4 ദിവസം കൂടി കഴിയും. സാംപിൾ എടുത്തതുൾപ്പെടെ നാനൂറോളം കിണറുകളിൽ ഇതിനകം സൂപ്പർ ക്ലോറിനേഷൻ നടത്തി. ജില്ലയിൽ 9 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കോട്ടാംപറമ്പ് പ്രദേശത്ത് രോഗലക്ഷണങ്ങളോടെ 39 പേരാണ് വീടുകളിൽ ചികിത്സയിലുള്ളത്.

ഷിഗെല്ല രോഗവ്യാപനത്തിന്റെ ഉറവിടം അറിയാൻ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ നിന്നുള്ള ഡോ. എ.എൽ.സച്ചിൻ, ഡോ. നിഖിൽ മേനോൻ എന്നിവർ ഇന്നലെയും പ്രദേശത്ത് പരിശോധന നടത്തി. കോർപറേഷനും എൻഎച്ച്എമ്മും ചേർന്ന് ഇന്നു രാവിലെ 10ന് കോട്ടാംപറമ്പിൽ തുടർ മെഡിക്കൽ ക്യാംപ് നടത്തും. കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങൾ കാണപ്പെട്ടവർക്ക് മരുന്നു നൽകിയിരുന്നു. ഇവരോട് ഇന്നത്തെ ക്യാംപിൽ പങ്കെടുക്കാൻ നിർദേശിച്ചിട്ടുണ്ട്.

24-Dec-2020