മുന്നോട്ട് കുതിക്കാനുള്ള ആത്മവിശ്വാസം എൽ.ഡി.എഫിനും സർക്കാരിനും ഉണ്ട്: മുഖ്യമന്ത്രി
അഡ്മിൻ
കേരള പര്യടനത്തിന്റെ ഭാഗമായി തൃശൂരിൽ നടത്തിയ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന്റെ പ്രസക്ത ഭാഗങ്ങൾ:
സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കുന്നു. സാധാരണ ഗതിയിലുള്ള നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നാം കടക്കുകയാണ്. ഈ സർക്കാർ ഭരണം ഏറ്റെടുക്കുന്നതിന് മുമ്പ് കേരളത്തിലെ ജനങ്ങൾക്ക് മുന്നിൽ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങൾ പ്രകടന പത്രികയിലൂടെ അവതരിപ്പിച്ചു.
അതിൽ പറഞ്ഞ കാര്യങ്ങൾ പൂർത്തിയാക്കാനായി എന്ന സംതൃപ്തിയാണ് സർക്കാരിനുള്ളത്. പക്ഷേ ഇനിയുള്ള കാലയളവിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം എൽ.ഡി.എഫ് എന്തൊക്കെ നടപ്പിലാക്കാൻ ആഗ്രഹിക്കുന്നു എന്നുള്ള കാര്യങ്ങൾ സ്വഭാവികമായും തയ്യാറാക്കേണ്ടതുണ്ട്. പ്രകടന പത്രിക തയ്യാറാക്കാൻ നേരത്തെ സ്വീകരിച്ച മാർഗങ്ങൾ ഇതുപോലുള്ള യോഗങ്ങൾ ചേർന്ന് വിവിധ തുറകളിലുള്ള അഭിപ്രായങ്ങൾ ശേഖരിക്കലാണ്.
അതാണ് തുടർന്നും ചെയ്യാൻ ഉദ്ദേശിക്കുന്നത്. നാടിന്റെ വികസനവുമായി ബന്ധപ്പെട്ട് വിവിധ അഭിപ്രായങ്ങൾ ശേഖരിക്കാനാകും. നവ കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ നാം പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ മുന്നോട്ട് കുതിക്കാനുള്ള ആത്മവിശ്വാസം എൽ.ഡി.എഫിനും സർക്കാരിനും ഉണ്ട്. ആ വികസന കുതിപ്പിന് ദിശാബോധം നൽകാൻ ഇത്തരം കാഴ്ചപ്പാടുകൾ സഹായിക്കും.
ഇപ്പോൾ നാം കോവിഡ് ഭീഷണി നേരിടുന്ന ഘട്ടമാണ് അതിനാൽ വിപുലമായി പരിപാടികൾ പ്രായോഗികമല്ല. പക്ഷേ സമൂഹത്തിന്റെ അഭിപ്രായങ്ങൾ മനസിലാക്കിയല്ലാതെ ഭാവികേരളത്തിന് വേണ്ട രൂപ രേഖ പൂർണതയിൽ എത്തിക്കാനാകില്ല. അത്തരം ഒരു പശ്ചാത്തലത്തിലാണ് എല്ലാ ജില്ലകളിലുമെത്തി വ്യത്യസ്ത മേഖലകളിൽ ഉള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് സംവദിക്കാൻ തീരുമാനിച്ചത്