ജനങ്ങള്‍ക്കായി പത്തിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

പുതുവര്‍ഷത്തില്‍ പത്തിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വയോധികര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടിലെത്തിക്കും. വയോധികര്‍ക്കായി ജനുവരി 10ന് അഞ്ച് പുതിയ സേവനങ്ങള്‍ വിജ്ഞാപനം ചെയ്യും. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് രാജ്യാന്തര വിദഗ്ധരുമായി സംവദിക്കാന്‍ പ്രത്യേകപരിപാടികള്‍ തുടങ്ങും.

ആയിരം വിദ്യാര്‍ഥികള്‍ക്ക് ഒരുലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്, രണ്ടരലക്ഷംരൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് സഹായം ലഭിക്കുക. ഗുണഭോക്താക്കളെ മാര്‍ക്ക്, ഗ്രേഡ് അടിസ്ഥാനത്തില്‍ നിശ്ചയിക്കും. അഴിമതിമുക്തകേരളം പദ്ധതിയും പ്രഖ്യാപിച്ചു.

അഴിമതിയെക്കുറിച്ച് രഹസ്യമായി വിവരം നല്‍കാന്‍ പ്രത്യേക അതോറിറ്റി. വിവരം നല്‍കുന്നവരുടെ പേര് പുറത്തുവിടില്ല; വിവരമറിയിക്കാന്‍ ഓഫിസുകളില്‍ പോകേണ്ടതുമില്ല.

പരിസ്ഥിതി സൗഹൃദവീടുനിര്‍മാണത്തിന് കെട്ടിടനികുതിയില്‍ ഗ്രീന്‍ റിബേറ്റ്ന്മഡിജിറ്റല്‍ മീഡിയ സാക്ഷരതാപരിപാടി: സമൂഹമാധ്യമങ്ങളിലും ഇന്റര്‍നെറ്റിലുമുള്ള വ്യാജപ്രചരണം തിരിച്ചറിയാന്‍ പരിശീലനം. ‘സത്യമേവ ജയതേ’ എന്ന പേരില്‍ സ്‌കൂളുകളിലും കോളജുകളിലും ഡിജിറ്റല്‍ മീഡിയ സാക്ഷരത പരിപാടി സംഘടിപ്പിക്കും.കുട്ടികളിലെ ആത്മഹത്യാപ്രവണത കുറയ്ക്കാന്‍ കൂടുതല്‍ സ്‌കൂള്‍ കൗണ്‍സലര്‍മാരെ നിയമിക്കും.

പ്രശ്‌നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കായി ഓണ്‍ലൈന്‍ സഹായ സംവിധാനം. കോവിഡ് വാക്‌സീന്‍ വിതരണം ഈ മാസം തന്നെ ലഭ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ആരോഗ്യപ്രവര്‍ത്തകരും കോവിഡ് വാക്‌സീന്‍ സ്വീകരിക്കാന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

02-Jan-2021