പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുറിപ്പെഴുതി കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

മധ്യപ്രദേശിലെ ഛത്തര്‍പുരില്‍ വൈദ്യുതി വിതരണ കമ്പനി ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ച് 35-കാരനായ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. തന്റെ ശരീരത്തിലെ എല്ലാ അവയവങ്ങളും വിറ്റ് കുടിശ്ശിക തിരിച്ചടയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുറിപ്പെഴുതി വെച്ചുകൊണ്ടാണ് മുനേന്ദ്ര ജീവനൊടുക്കിയത്.

കോവഡിനിടയില്‍ 87000 രൂപ വൈദ്യുതി കുടിശ്ശിക ഉണ്ടായതിനെ തുടര്‍ന്ന് വിതരണ കമ്പനിയായ ഡിസ്‌കോം മുനേന്ദ്രയുടെ മില്ലും മോട്ടോര്‍സൈക്കിളും കണ്ടുകെട്ടിയതായി ബന്ധുക്കള്‍ ആരോപിച്ചു. മുനേന്ദ്ര രജപുത് എന്ന കര്‍ഷകനാണ് ആത്മഹത്യ ചെയ്തത്.

‘വൻകിട രാഷ്ട്രീയക്കാരുടെയും ബിസിനസുകാരുടെയും അഴിമതികൾ നടക്കുമ്പോൾ സർക്കാർ ഉദ്യോഗസ്ഥർ നടപടിയെടുക്കുന്നില്ല. അവർ വായ്പയെടുക്കുകയാണെങ്കിൽ തിരിച്ചടക്കാൻ മതിയായ സമയം ലഭിക്കും. അല്ലെങ്കിൽ വായ്പ എഴുതിത്തള്ളുന്നു.

എന്നാൽ, ഒരു ദരിദ്രൻ ചെറിയ തുക പോലും എടുക്കുകയാണെങ്കിൽ, എന്തുകൊണ്ടാണ് വായ്പ തിരിച്ചടക്കാൻ കഴിയാത്തതെന്ന് സർക്കാർ അദ്ദേഹത്തോട് ഒരിക്കൽ പോലും ചോദിക്കില്ല. പകരം അവനെ പരസ്യമായി അപമാനിക്കുന്നു’ -മുനേന്ദ്ര രജപുത് ആത്​മഹത്യ കുറിപ്പിൽ എഴുതി.

02-Jan-2021