ഐ.എഫ്.എഫ്.കെ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി എ.കെ ബാലന്‍
അഡ്മിൻ
ഐഎഫ്എഫ്.കെ നാല് മേഖലകളിലായി നടത്താനുള്ള തീരുമാനത്തിനെതിരെ ഉയരുന്ന വിവാദങ്ങളില്‍ പ്രതികരിച്ച് മന്ത്രി എ.കെ ബാലന്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ പതിവ് രീതികള്‍ അനുസരിച്ച് ഐഎഫ്എഫ്‌കെ സംഘടിപ്പിക്കാന്‍ കഴിയില്ല. തിരുവനന്തപുരത്ത് കോവിഡ് വ്യാപനം ഉണ്ടാവാതിരിക്കാനാണ് നാല് വേദികളിലായി മേള സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറയുന്നു.
ഇത്തവണത്തെ ഐഎഫ്എഫ്‌കെയില്‍ 5000 പേരുടെ രജിസ്ട്രേഷന്‍ ആണ് നടത്തുന്നത്. തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം ഉണ്ടാക്കാന്‍ അനുവദിക്കില്ല. അതുകൊണ്ടാണ് നാല് വേദികളിലായി ഐഎഫ്എഫ്‌കെ സംഘടിപ്പിക്കുന്നത്. ചലച്ചിത്രമേള കോവിഡ് ക്ഷണിച്ചു വരുത്തി എന്ന ദുഷ്പേര് സര്‍ക്കാരിനും സാംസ്‌കാരിക വകുപ്പിനും ഉണ്ടാവാന്‍ പാടില്ല.
തിരുവനന്തപുരം ജില്ലയെ സ്‌നേഹിക്കുന്നവര്‍ തെറ്റായ പ്രചാരണം നടത്തുകയില്ല. ചലച്ചിത്ര മേള തിരുവനന്തപുരത്ത് നിന്ന് മാറ്റാന്‍ ഉദ്ദേശമില്ല. തിരുവനന്തപുരം തന്നെയാവും സ്ഥിരവേദിയെന്നും മന്ത്രി പറഞ്ഞു. ഐഎഫ്എഫ്‌കെ തിരുവനന്തപുരത്തിന് പുറമെ എറണാകുളത്തും പാലക്കാട്ടും തലശ്ശേരിയിലും വച്ച് നടത്താനുള്ള തീരുമാനമാണ് വിവാദമായത്.