പി. കെ കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെക്കുന്നതിൽ അവ്യക്തത തുടരുന്നു

സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാൻ തീരുമാനിച്ച പി കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെക്കുന്നതിൽ അവ്യക്തത. എം.പി സ്ഥാനം രാജിവെച്ച് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടണോ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം രാജിവെക്കണോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.'പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കേരള രാഷ്ട്രീയത്തിലേക്ക് മുഴുവൻ സമയ പ്രവർത്തകനായി കുഞ്ഞാലിക്കുട്ടി മടങ്ങിവരണമെന്ന് പാർട്ടി തീരുമാനിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും'- പി. കെ കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ് അറിയിച്ച് കെ.പി.എ മജീദ് അറിയിച്ചത് ഇങ്ങനെയാണ്.

എം.പി സ്ഥാനം ഇപ്പോൾ രാജിവെച്ച് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടണോ അതോ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം രാജിവെക്കണോ എന്നീ രണ്ട് അഭിപ്രായങ്ങൾ പാർട്ടിവൃത്തങ്ങളിൽ ഉയരുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന് മന്ത്രിയായ ശേഷം എം.പി സ്ഥാനം രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിടുക എന്ന നിർദേശവുമുണ്ട്.

എം.പി സ്ഥാനം രാജിവെക്കുന്നതിനെതിരെ പാണക്കാട് കുടുംബത്തിൽ നിന്നു തന്നെ എതിർപ്പ് രാജി സംബന്ധിച്ച അവ്യക്തതക്ക് കാരണമാണ്. പാർട്ടിയിലെയും മണ്ഡലത്തിലെയും സാഹചര്യങ്ങൾ വിലയിരുത്തിയാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക എന്നാണ് പാർട്ടിവൃത്തങ്ങൾ നൽകുന്ന സൂചന.

03-Jan-2021