സംസ്ഥാനത്തെ പതിനായിരം സർക്കാർ ഓഫീസുകൾ ഹരിതചട്ടത്തിലേക്ക് മാറുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ജനുവരി 26 ന് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നിർവഹിക്കും. രാവിലെ 11.30 ന് ഓൺലൈനായി നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എ.സി.മൊയ്തീൻ അധ്യക്ഷത വഹിക്കും.
പ്ലാസ്റ്റിക്കിലും തെർമോക്കോളിലും നിർമ്മിതമായ എല്ലാത്തരം ഡിസ്പോസബിൾ വസ്തുക്കളുടെയും ഉപയോഗം പൂർണ്ണമായും ഒഴിവാക്കിയും മാലിന്യം രൂപപ്പെടുന്നതിന്റെ അളവ് പരമാവധി കുറച്ചും ജൈവ മാലിന്യവും അജൈവമാലിന്യവും വെവ്വേറെ ശാസ്ത്രീയമായി സംസ്‌കരിച്ചുമാണ് പ്രധാനമായും ഓഫീസുകൾ ഹരിതചട്ടത്തിലേക്ക് മാറുന്നതെന്ന് ഹരിത കേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ.ടി.എൻ.സീമ അറിയിച്ചു. ഇതുസംബന്ധിച്ച് ഹരിതചട്ടം പാലിക്കുന്ന ഓഫീസുകളിൽ ജീവനക്കാരും സന്ദർശകരും പാലിക്കേണ്ട നിർദ്ദേശങ്ങൾ എഴുതി പ്രദർശിപ്പിക്കും.
പ്രഖ്യാപനത്തെത്തുടർന്ന് ശുചിത്വ പദവി നേടിയ തദ്ദേശ സ്ഥാപനങ്ങളിലെ ഹരിതകർമ്മസേനകൾ ശേഖരിച്ച പുനചംക്രമണത്തിനുതകുന്ന അജൈവ മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിക്ക് നൽകിയ വകയിലെ തുകയ്ക്കുള്ള ചെക്ക് കരാറനുസരിച്ച് അതത് തദ്ദേശ സ്ഥാപനങ്ങളിൽ നടക്കുന്ന ചടങ്ങിൽ സ്ഥാപന അധ്യക്ഷൻമാർ ഹരിത കർമ്മസേനയ്ക്ക് കൈമാറും. തുടർന്ന് വിവിധ ഓഫീസുകളിൽ നടക്കുന്ന പരിപാടിയിൽ ഹരിതചട്ടംപാലിച്ച ഓഫീസിനുള്ള സാക്ഷ്യപത്രം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അധ്യക്ഷരോ, വാർഡുമെമ്പർ/കൗൺസിലറോ ഹരിതകർമ്മസേനാംഗവും ചേർന്ന് ഓഫീസ് മേധാവികൾക്ക് സമർപ്പിക്കും.
ഗ്രീൻ പ്രോട്ടോക്കോൾ പരിശോധനാ സൂചികയിലെ ഘടകങ്ങൾ ഉറപ്പുവരുത്തിയാണ് ഓഫീസുകൾ ഹരിതചട്ടത്തിലേക്ക് മാറുന്നത്. സർക്കാരിന്റെ മാർഗ്ഗനിർദ്ദേശമനുസരിച്ച് ഹരിതകേരളം മിഷൻ തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ രൂപീകരിച്ച സമിതി ഇതുസംബന്ധിച്ച പരിശോധനകൾ നടത്തി വരികയാണ്. ഹരിതചട്ടപാലനത്തിന്റെ നിലവാരമനുസരിച്ച് എ, ബി, സി എന്ന് മൂന്ന് കാറ്റഗറികളിലായാണ് ഓഫീസുകളെ ഗ്രീൻപ്രോട്ടോക്കോൾ ഓഫീസുകളായി ഉൾപ്പെടുത്തുന്നത്.