ജനുവരി 26ന് രാജ്പഥില്‍ ട്രാക്ടര്‍ റാലി നടത്തുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച
അഡ്മിൻ
കേന്ദ്ര സർക്കാരുമായി എട്ടാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ കൂടുതല്‍ സമരരൂപങ്ങളിലേക്ക് കടക്കാന്‍ കര്‍ഷക സംഘടനകള്‍. സിംഗുവിലെ പ്രക്ഷോഭ കേന്ദ്രത്തില്‍ ഇന്ന് കര്‍ഷക നേതാക്കള്‍ യോഗം ചേര്‍ന്ന് ഭാവിപരിപാടികള്‍ നിശ്ചയിക്കും. ഈമാസം പതിനഞ്ചിന് നിശ്ചയിച്ചിരിക്കുന്ന കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കണമോയെന്നതിലും തീരുമാനമെടുക്കും. അതേസമയം, ഡല്‍ഹിയുടെ അതിര്‍ത്തികളിലെ പ്രക്ഷോഭം നാല്‍പത്തിയഞ്ചാം ദിവസത്തിലേക്ക് കടന്നു.
കേന്ദ്രസര്‍ക്കാരും കര്‍ഷകരുമായുള്ള ഇന്നലത്തെ ചര്‍ച്ച സമ്പൂര്‍ണ പരാജയമായിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതില്‍ മാത്രമാകണം ചര്‍ച്ചയെന്ന നിലപാടില്‍ കര്‍ഷക സംഘടനകള്‍ ഉറച്ചുനിന്നു. എന്നാല്‍, നിയമം കര്‍ഷക ക്ഷേമം മുന്‍നിര്‍ത്തിയാണെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തു. നിയമങ്ങളുടെ പ്രയോജനം വിവരിച്ചും ഭേദഗതികളെക്കുറിച്ചും മന്ത്രിമാർ വിവരണം തുടർന്നതോടെ കർഷകനേതാക്കൾ 15 മിനിറ്റോളം മൗനമാചരിച്ച് പ്രതിഷേധിച്ചു.
ഇതിനിടെ 11-ന് സുപ്രീംകോടതിയിൽ കേസുവരുന്നുണ്ടെന്നും നേതാക്കൾക്ക് കോടതിയെ സമീപിക്കാമെന്നും കൃഷിമന്ത്രി പ്രതികരിച്ചു. പ്രശ്നത്തിൽ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിക്കട്ടെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ ഇതിനെ കർഷകനേതാക്കൾ അതിരൂക്ഷമായി എതിർത്തു. ഇതൊരു നയപരമായ വിഷയമാണെന്നും സർക്കാരാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നുമായിരുന്നു നേതാക്കളുടെ മറുപടി.
കൃഷിമന്ത്രിക്കുപുറമെ വാണിജ്യമന്ത്രി പിയൂഷ് ഗോയൽ, സഹമന്ത്രി സോംപ്രകാശ് എന്നിവരും ഭേദഗതിനിർദേശം മുന്നോട്ടുവെച്ചെങ്കിലും നേതാക്കൾ സമ്മതിച്ചില്ല. കാർഷികമേഖല കോർപ്പറേറ്റ് അടിസ്ഥാനമാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് നേതാക്കൾ വിമർശിച്ചു. നിയമങ്ങൾ എന്ന് പിൻവലിക്കാമെന്നുപറയൂ, അന്ന് ഞങ്ങൾ സമരം നിർത്താമെന്ന് സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം കർഷകനേതാവ് ബൽബീർ സിങ് രജേവാൾ മന്ത്രിമാരെ അറിയിച്ചു. ‘ഞങ്ങൾ വിജയിക്കും അല്ലെങ്കിൽ മരിക്കും’ എന്ന പ്ലക്കാർഡും ചില നേതാക്കൾ ഉയർത്തിക്കാട്ടി.
പ്രശ്‌നപരിഹാരമാകാത്ത സാഹചര്യത്തില്‍ പ്രക്ഷോഭം ശക്തമാക്കാനാണ് കര്‍ഷക സംഘടനകള്‍ തയാറെടുക്കുന്നത്. ജനുവരി 26ന് രാജ്പഥില്‍ ട്രാക്ടര്‍ റാലി നടത്തുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ പ്രതിഷേധപരിപാടികള്‍ ഇന്ന് തീരുമാനിച്ചേക്കും. അതേസമയം, കര്‍ഷകരുടെ 24 മണിക്കൂര്‍ റിലേ നിരാഹാര സത്യഗ്രഹം തുടരുകയാണ്.