കാർഷിക നിയമങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്താലും പ്രക്ഷോഭം തുടരുമെന്ന് കർഷകർ
അഡ്മിൻ
കൃഷി നിയമങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്താലും പ്രക്ഷോഭം തുടരുമെന്നും നിയമങ്ങൾ പൂർണമായി പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും കർഷക സംഘടനകൾ. കോടതി ഇടപെടൽ വിശദമായി ചർച്ച ചെയ്യാൻ ഡൽഹി ഹരിയാന അതിർത്തിയിലെ സിംഘുവിൽ സംഘടനകൾ ഇന്നു യോഗം ചേരും. കേന്ദ്ര സർക്കാരിനെതിരായ കോടതിയുടെ രൂക്ഷ പരാമർശങ്ങളെ സ്വാഗതം ചെയ്ത കർഷകർ പക്ഷേ, പ്രക്ഷോഭം അവസാനിപ്പിക്കാൻ അതു മാത്രം പോരെന്ന നിലപാടിലാണ്.
സ്റ്റേ താൽക്കാലിക നടപടിയേ ആകൂവെന്നു ഭാരതീയ കിസാൻ യൂണിയൻ ഹരിയാന പ്രസിഡന്റ് ഗുർനാം സിങ് ചദുനി പറഞ്ഞു. കേന്ദ്രം നിയമങ്ങൾ മരവിപ്പിച്ചാലും പ്രക്ഷോഭം അവസാനിപ്പിക്കില്ല. 15നു സർക്കാരുമായി നടത്തുന്ന ഒൻപതാം ചർച്ചയിൽ ഇക്കാര്യമറിയിക്കും. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനാവില്ലെന്ന് സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാർ സത്യവാങ്മൂലം നൽകിയിരുന്നു.
നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം സ്വീകാര്യമല്ല. സമരക്കാരുടെ വാദം അന്യായമാണ്. കാര്‍ഷിക നിയമങ്ങളെ എതിര്‍ക്കുന്നത് ഏതാനും കര്‍ഷകര്‍ മാത്രമെന്നും കേന്ദ്രം അറിയിച്ചു.